by webdesk3 on | 31-08-2025 12:38:50 Last Updated by webdesk2
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം ഇന്ത്യ-ചൈന ബന്ധങ്ങള്‍ക്ക് പുതിയ ഊര്‍ജം പകരും. ചൈനയില്‍ ദ്വിദിന സന്ദര്‍ശനത്തിനായെത്തിയ മോദി, പ്രസിഡന്റ് ഷി ജിന്‍പിങുമായി ടിയാന്‍ജിനില്‍ 55 മിനിറ്റോളം നീണ്ടുനിന്ന നിര്‍ണായക കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി സംഘര്‍ഷം, വാണിജ്യ സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം മോദി നടത്തുന്ന ആദ്യ ചൈന സന്ദര്‍ശനമാണിത്.
ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. അതിര്‍ത്തിയിലെ സാഹചര്യം ഇപ്പോള്‍ സമാധാനപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൈലാസ്-മനസരോവര്‍ യാത്രയും വീണ്ടും ആരംഭിച്ചിരിക്കുകയാണ്.
ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്ക് മുന്നോടിയായാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച നടന്നത്. ചൈനയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടാണ് മോദി തന്റെ സന്ദേശം നല്‍കി. ഇന്നും നാളെയുമായി നടക്കുന്ന ഈ ഉച്ചകോടി അന്താരാഷ്ട്ര തലത്തില്‍ വളരെ നിര്‍ണായകമാണെന്ന് വിലയിരുത്തപ്പെടുന്നു.
അമേരിക്കയുമായി നികുതി വിഷയത്തില്‍ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍, മോദിയുടെ ചൈന സന്ദര്‍ശനത്തെ ലോകം മുഴുവന്‍ ഏറെ ആകാംക്ഷയോടെയാണ് നിരീക്ഷിക്കുന്നത്. ജപ്പാന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് മോദി ചൈനയിലെത്തിയത്.