by webdesk3 on | 28-08-2025 03:15:30 Last Updated by webdesk3
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനായി ഒരുക്കിയ പരിപാടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. അയ്യപ്പ സംഗമം രാഷ്ട്രീയ പരിപാടിയല്ലെങ്കില്‍ പിന്നെ എന്താണ്? ജനങ്ങളെ വിഡ്ഡിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സര്‍ക്കാര്‍ പരിപാടിയല്ലെങ്കില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്ഷണിക്കാന്‍ മന്ത്രി പോയതെന്തിന്? ദേവസ്വം ബോര്‍ഡ് പരിപാടിയാണെങ്കില്‍ പ്രസിഡന്റല്ലേ ക്ഷണിക്കേണ്ടത്? രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അയ്യപ്പ സംഗമം നടത്തുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട് മുഖ്യമന്ത്രി എപ്പോഴാണ് അയ്യപ്പ ഭക്തനായത്? ജനങ്ങള്‍ ഇതിനെ രാഷ്ട്രീയമായി മാത്രമേ കാണുകയുള്ളൂ. ദൈവവിശ്വാസിയല്ലാത്ത, നാസ്തികനായ മുഖ്യമന്ത്രിയാണ് അയ്യപ്പ സംഗമം ആരാധനയുടെ ഭാഗമാണെന്ന് പറയുന്നത്.
ഹിന്ദു ഭക്തരെ അപമാനിച്ച ഡിഎംകെയും, ഹിന്ദു വിശ്വാസത്തെ നിരന്തരം അവഹേളിച്ച സിപിഎം മുഖ്യമന്ത്രിയും അയ്യപ്പ സംഗമ വേദിയില്‍ ഉണ്ടാകുന്നത് വിശ്വാസികളുടെ മനസിനെ വേദനിപ്പിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു.