by webdesk3 on | 28-08-2025 01:34:32
തിരുവനന്തപുരം:കെപിസിസി പുനഃസംഘടന അനിശ്ചിതമായി നീളുന്നതില്‍ പാര്‍ട്ടിക്കുള്ളിലെ അതൃപ്തി ശക്തമായി ഉയരുന്നു. പുതിയ നേതൃത്വത്തിലെ ചിലരുടെ താല്‍പര്യക്കുറവാണ് പുനഃസംഘടന വൈകിപ്പിക്കുന്നതെന്നതാണ് പ്രധാന ആക്ഷേപം. ഭാരവാഹികളെ നിയമിക്കാതെ പാര്‍ട്ടിയെ സ്വന്തം നിയന്ത്രണത്തില്‍ നിലനിര്‍ത്താനുള്ള ശ്രമമാണ് ഇതെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
കെപിസിസിയുടെ പുതിയ നേതൃത്വം അധികാരമേറ്റ ഉടന്‍ തന്നെ പുനഃസംഘടന പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷ. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് വൈകിയെങ്കിലും ഓഗസ്റ്റ് ആദ്യവാരം ഇത് നടപ്പിലാക്കുമെന്ന് ധാരണയായിരുന്നു. ഇതിനായി നേതൃത്വം ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയെങ്കിലും സമര്‍പ്പിച്ച ജംബോ പട്ടിക ഹൈക്കമാന്‍ഡ് തള്ളി. സംസ്ഥാനത്ത് സമവായമുണ്ടാക്കി പുതിയ പട്ടിക സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ അതുസംബന്ധിച്ച ചര്‍ച്ചകള്‍ നീളുകയാണ്.
ഈ മാസം 31-നകം പുനഃസംഘടന പൂര്‍ത്തിയാക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ് ദാസ് മുന്ഷിയും ചേര്‍ന്ന് 20-ന് ചര്‍ച്ച നടത്തിയെങ്കിലും അത് ഒരു മണിക്കൂര്‍ മാത്രം നീണ്ടുനിന്നു. തുടര്‍ന്ന് കൂടിക്കാഴ്ച നടന്നിട്ടില്ല.