by webdesk3 on | 28-08-2025 01:15:01 Last Updated by webdesk3
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് എം.പി. ഡോ. ശശി തരൂര്‍. സ്ഥാനമാനങ്ങള്‍ തേടുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം താന്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ താന്‍ തയ്യാറാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന സര്‍വേ ഫലത്തില്‍, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ ലഭിക്കാനിടയുള്ള വ്യക്തി താനാണെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നു പോലും കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന പശ്ചാത്തലത്തിലാണ് തരൂര്‍ വ്യക്തത വരുത്തിയത്.
കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ താല്പര്യമുണ്ടോ? എന്ന ചോദ്യത്തിന് മറുപടി നല്‍കവേ, ഒരിക്കലും ഒരു സ്ഥാനവും സ്വയം തേടിയിട്ടില്ലെന്ന് തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തീരുമാനം പോലും, പലരുടെയും നിര്‍ദേശത്തെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ യഥാര്‍ത്ഥ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കേണ്ടതുണ്ടെന്നും, അതിനായി ഹര്‍ത്താല്‍ നിരോധിച്ച് നിക്ഷേപക സംരക്ഷണ നിയമം നടപ്പിലാക്കണമെന്നും, അതിന് നേതൃത്വം നല്‍കാന്‍ താന്‍ ഒരുങ്ങിയിരിക്കുന്നുവെന്നും ശശി തരൂര്‍ വ്യക്തമാക്കി.