by webdesk3 on | 28-08-2025 01:09:03 Last Updated by webdesk3
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ മുതല്‍ ഓണാവധിക്കായി അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ക്കു ശേഷം വിദ്യാലയങ്ങള്‍ അവധിയിലേക്ക് കടക്കും. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ 8-നാണ് സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുക.
ഓണാവധി ചുരുക്കുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂളുകളില്‍ ഓണപ്പരീക്ഷകള്‍ കഴിഞ്ഞ ദിവസം തന്നെ പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു. പരീക്ഷാഫലം സ്‌കൂള്‍ തുറന്ന് ഏഴ് ദിവസത്തിനകം പ്രസിദ്ധീകരിക്കും.
അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളില്‍ ഓരോ വിഷയത്തിലും 30 ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായി അടുത്ത മാസം രണ്ട് ആഴ്ചക്കാലം സ്‌പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കും.
കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലഹരിവ്യാപനം തടയാനുമായി അധ്യാപകര്‍ക്ക് മൂന്നു ഘട്ടങ്ങളിലായി കൗണ്‍സിലിംഗ് പരിശീലനം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.