by webdesk2 on | 28-08-2025 07:36:09
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നേതാക്കന്മാര്‍ തമ്മില്‍ സമവായത്തില്‍ എത്താത്തതാണ് തീരുമാനം വൈകാന്‍ കാരണം. കെ.എം അഭിജിത്തിനെ അധ്യക്ഷനാക്കാതെ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് എ ഗ്രൂപ്പ് നിലപാട്. അബിന്‍ വര്‍ക്കിക്കായി ഐ ഗ്രൂപ്പും സമ്മര്‍ദ്ദം തുടരുകയാണ്. ഒ.ജെ ജനീഷിനെ പരിഗണിക്കണമെന്നെ കെ.സി വേണുഗോപാല്‍ പക്ഷത്തിന്റെ വാദത്തെ ഇരു ഗ്രൂപ്പുകളും ഒരുപോലെ എതിര്‍ക്കുന്നു.
അബിന്‍ വര്‍ക്കിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് നാല് ജില്ലാ പ്രസിഡന്റുമാരുള്‍പ്പെടെ 40 സംസ്ഥാന ഭാരവാഹികള്‍ എ.ഐ.സി.സിക്ക് കത്തയച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ സമാന സാഹചര്യങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അബിന്‍ വര്‍ക്കിക്കായുള്ള സമ്മര്‍ദം. സ്വാഭാവിക നീതി ലംഘിക്കരുതെന്നതാണ് ആവശ്യം. നിലവിലെ ഭാരവാഹികള്‍ക്ക് പുറത്തുനിന്ന് അധ്യക്ഷന്‍ വേണ്ടെന്നും ഇവര്‍ വാദിക്കുന്നു. അങ്ങനെയുണ്ടെങ്കില്‍ രാജി ഭീഷണി ഉള്‍പ്പടെ മുഴക്കാനും അബിന്‍ വര്‍ക്കി പക്ഷം ആലോചിക്കുന്നുണ്ട്.
തര്‍ക്കം ഉണ്ടായാല്‍ താല്‍ക്കാലിക ചുമതല ബിനു ചുള്ളിയിലിന് നല്‍കാനും ആലോചനയുണ്ട്. കെഎം അഭിജിത്തിനായുള്ള നീക്കവും ഇപ്പോഴും അണിയറയില്‍ സജീവമാണ്. അരിതാ ബാബുവിനെ ഉയര്‍ത്തിക്കാട്ടി വനിതാ പ്രവര്‍ത്തകരും സമ്മര്‍ദം ശക്തമാക്കുന്നുണ്ട്. തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാവില്ല.