by webdesk2 on | 26-08-2025 07:54:20
തൃപ്പൂണിത്തുറ: ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തച്ചമയം ഘോഷയാത്ര. തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൌണ്ടില്‍ നിന്ന് തുടങ്ങുന്ന യാത്ര നഗരം ചുറ്റി തിരികെ സ്‌കൂള്‍ ഗ്രൌണ്ടിലെത്തുമ്പോള്‍ ഘോഷയാത്ര അവസാനിക്കും. ചെണ്ടമേളവും നിശ്ചലദൃശ്യങ്ങളും മറ്റ് കലാരൂപങ്ങളുമായി സംസ്ഥാനത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള കലാകാരന്‍മാര്‍ പങ്കെടുക്കും.
അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ഇന്ന് രാവിലെ എട്ട് മണിമുതല്‍ വൈകിട്ട് മൂന്ന് മണിവരെ തൃപ്പൂണിത്തുറ നഗരഭാഗത്ത് ഗതാഗത ക്രമീകരണങ്ങള്‍ ഉണ്ടാകും. കോട്ടയം ഭാഗത്തുനിന്നും വരുന്ന ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ മുളന്തുരുത്തി- ചോറ്റാനിക്കര- തിരുവാങ്കുളം- സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വഴി- എറണാകുളം ഭാഗത്തേക്ക് പോകണം. വൈക്കം ഭാഗത്തു നിന്നും വരുന്ന ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ നടക്കാവ് ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും പോകേണ്ടതാണ്. കോട്ടയം, വൈക്കം, മുളന്തുരുത്തി എന്നീ ഭാഗങ്ങളില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട സര്‍വീസ് ബസ്സുകളും ചെറു വാഹനങ്ങളും കണ്ണന്‍കുളങ്ങര ജംഗ്ഷനിന്‍ എത്തി മിനിബൈപ്പാസ് വഴി പോകേണ്ടതാണ്.
അത്തം പത്ത് ഓണം. മലയാളികളുടെ ഓണാഘോഷം ചിങ്ങമാസത്തിലെ അത്തം നാളില്‍ തുടങ്ങുന്നു. മുറ്റത്ത് പൂക്കളം ഇടുന്നതിന് തുടക്കം കുറിക്കുന്നത് അന്നാണ്. തിരുവോണനാളില്‍ പൂക്കളത്തില്‍ ഓണത്തപ്പനെ മൂടാനായി തുമ്പപ്പൂവും തുമ്പയില അരിഞ്ഞതും ചേര്‍ന്നുള്ള തുമ്പക്കുടം ഉപയോഗിക്കാറുണ്ട്. തുമ്പപ്പൂ കൊണ്ടുണ്ടാക്കിയ അട നേദ്യവും പഴം പുഴുങ്ങിയതും തിരുവോണനാളിലെ പ്രത്യേകതയാണ്. കേരളത്തിന്റെ ഓരോ ഭാഗത്തും വ്യത്യസ്തമായാണ് അത്തം നാള്‍ മുതലുള്ള പൂക്കളമൊരുക്കലും ആഘോഷവും.