by webdesk2 on | 26-08-2025 07:36:41
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. വിഷയം ഇനി കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും, പുതിയ പരാതികള്‍ വരുന്നുവെങ്കില്‍ മാത്രം രാഷ്ട്രീയമായി നേരിട്ടാല്‍ മതിയെന്നുമാണ് നേതൃതലത്തില്‍ ധാരണയായത്. അതേസമയം, രാഹുലിന്റെ എം.എല്‍.എ. സ്ഥാനത്ത് നിന്നുള്ള രാജി തല്‍ക്കാലം പാര്‍ട്ടി അജണ്ടയിലില്ല.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതോടെ വിവാദം അവസാനിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സി.പി.ഐ.എം., ബി.ജെ.പി. പാര്‍ട്ടികളുടെ സമരങ്ങള്‍ കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കില്ലെന്നും നേതൃത്വം കരുതുന്നു. വിവാദങ്ങളുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ മിതത്വം പാലിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
വിഷയത്തില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചാല്‍ നേതൃത്വം പരിശോധിക്കും. എന്നാല്‍ പാര്‍ട്ടി തലത്തില്‍ ഒരു അന്വേഷണം ഉണ്ടാവില്ല. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ദേശം നല്‍കും.
പാര്‍ട്ടിയുടെ സസ്‌പെന്‍ഷന്‍ നടപടിക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കാം. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടിക വിവാദത്തിലും സംസ്ഥാന സര്‍ക്കാരിനെതിരായ മറ്റ് വിഷയങ്ങളിലും സമരം തുടരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് തൃശൂരിലേക്ക് നേരത്തെ നിശ്ചയിച്ച ലോങ്ങ് മാര്‍ച്ച് വൈകാതെ സംഘടിപ്പിക്കും. കെ.പി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകളും പുനരാരംഭിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.