by webdesk2 on | 25-08-2025 09:01:22 Last Updated by webdesk3
തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ എംആര്‍ അജിത് കുമാറിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം. എംആര്‍ അജിക് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ടില്‍ അസാധാരണമായ നടപടി. റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരിച്ചയച്ചു. ഷെയ്ക്ക് ദര്‍വേഷ് സഹേബ് നല്‍കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളാണ് തിരിച്ചയച്ചത്. റവാഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സീനിയറായ ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്
പൂരം റിപ്പോര്‍ട്ട്, പി.വിജയന്‍ നല്‍കിയ പരാതിയിന്‍ മേലുള്ള ശുപാര്‍ശ എന്നിവയാണ് തിരിച്ചയത്. രണ്ട് റിപ്പോര്‍ട്ടും അജിത് കുമാറിനെതിരായിരുന്നു. ഇടപെടലുണ്ടായില്ല, സ്ഥലത്തുണ്ടായിട്ടും, മന്ത്രി വിളിച്ചിട്ടും ഫോണെടുക്കുകയോ സ്ഥലതെത്തുകയോ ചെയ്തില്ല, കുറ്റകരമായ അനാസ്ഥ അജിത് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അജിത് കുമാറിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തായിരുന്നു റിപ്പോര്‍ട്ട്.
പി വിജയനെതിരെ എംആര്‍ അജിത് കുമാര്‍ നല്‍കിയ തെറ്റായ മൊഴിയെക്കുറിച്ചായിരുന്നു രണ്ടാമത്തെ റിപ്പോര്‍ട്ട്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘവുമായി പി വിജയന് ബന്ധമുണ്ടെന്ന് അന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് തനിക്ക് മൊഴി നല്‍കിയിട്ടുണ്ടെന്ന് അജിത് കുമാര്‍ പറഞ്ഞിരുന്നു. അതിനെതിരെ പി വിജയന്‍ ഡിജിപിക്ക് പരാതി നല്‍കുകയും സുജിത് ദാസ് താന്‍ അങ്ങനെ ഒരു മൊഴി താന്‍ നല്‍കിയിട്ടില്ലെന്നും എംആര്‍ അജിത് കുമാര്‍ പറഞ്ഞ വ്യാജ മൊഴിയാണെന്ന് പറയുകയും ചെയ്തിരുന്നു. ഈ രണ്ട് സംഭവത്തിലും അജിത് കുമാറിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച്ചയുണ്ടായി, സര്‍ക്കാരിന് നടപടി സ്വീകരിക്കാം, എന്ത് നടപടിയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.