by webdesk2 on | 19-07-2025 08:32:57
കൊച്ചി: നര്‍ത്തകരായ ആര്‍.എല്‍.വി. രാമകൃഷ്ണനും യു. ഉല്ലാസിനുമെതിരെ നൃത്താധ്യാപിക സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് കേരള ഹൈക്കോടതി റദ്ദാക്കി. പരാതിയില്‍ അപകീര്‍ത്തികരമായ പ്രസ്താവനകളും അവ പ്രസിദ്ധീകരിച്ചതിന്റെ രേഖകളും ഹാജരാക്കാത്തതിനാലാണ് കേസ് തള്ളിയത്.
2018-ല്‍ അബുദാബിയില്‍ നടന്ന ഒരു നൃത്ത മത്സരത്തില്‍ സത്യഭാമ വിധികര്‍ത്താവായിരുന്നു. ഈ മത്സരത്തില്‍ താന്‍ പരിശീലിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനം ലഭിക്കാത്തതിനെക്കുറിച്ച് രാമകൃഷ്ണന്‍ ഫോണില്‍ വിളിച്ച് സത്യഭാമയോട് സംസാരിച്ചിരുന്നു.
ഈ സംഭാഷണത്തില്‍, മത്സരാര്‍ത്ഥികളുടെ മുദ്രകള്‍ തെറ്റായിരുന്നുവെന്നും അനുഭവസമ്പത്തുള്ള നൃത്ത അധ്യാപകര്‍ക്ക് പോലും തെറ്റുകള്‍ പറ്റാമെന്നും സത്യഭാമ പറഞ്ഞിരുന്നു. ഈ സംഭാഷണം രഹസ്യമായി റെക്കോര്‍ഡുചെയ്ത്, തന്റെ ഗുരുക്കന്മാരെ അപമാനിക്കുന്ന രീതിയില്‍ രാമകൃഷ്ണനും ഉല്ലാസും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് സത്യഭാമ കേസ് നല്‍കിയത്.
എന്നാല്‍, അപകീര്‍ത്തികരമെന്ന് ആരോപിക്കുന്ന പ്രസ്താവനകളും അവ പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പുകളും പരാതിക്കൊപ്പം ഹാജരാക്കാന്‍ സത്യഭാമയ്ക്ക് കഴിഞ്ഞില്ലെന്ന് രാമകൃഷ്ണന്റെയും ഉല്ലാസിന്റെയും അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്, തെളിവുകളുടെ അഭാവത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി നടപടികള്‍ റദ്ദാക്കുകയായിരുന്നു.