by webdesk2 on | 18-07-2025 03:17:36 Last Updated by webdesk2
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. മരിച്ച മിഥുന്റെ സഹോദരന് പ്ലസ്ടു വരെ സൗജന്യവിദ്യാഭ്യാസം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ സ്‌കൂളില്‍ ഫിറ്റ്‌നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരെയും നടപടി വരും. ഇതിന് മുന്നോടിയായി വിശദീകരണം തേടിയിട്ടുണ്ട്. നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിച്ച് സ്‌കൂള്‍ മാനേജ്‌മെന്റിനും നോട്ടീസ് നല്‍കും. അതേസമയം, സംഭവത്തില്‍ പ്രധാനാധ്യാപിക എസ്. സുജയെ സസ്‌പെന്‍ഡ് ചെയ്തു. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയിരുന്നു.
സ്‌കൂള്‍ തുറക്കല്‍ മാര്‍ഗരേഖ നടപ്പാക്കുന്നതില്‍ സ്‌കൂളിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വിമര്‍ശിച്ചു. എന്തുവന്നാലും ശമ്പളം കിട്ടുമെന്ന അധ്യാപകരുടെ മനോഭാവം ശരിയല്ല, മന്ത്രി പറഞ്ഞു.
തേവലക്കര ബോയ്‌സ് സ്‌കൂളില്‍ അപകടാവസ്ഥയില്‍ സൈക്കിള്‍ ഷെഡിന് മുകളിലായി വൈദ്യുതി കമ്പികള്‍ താഴ്ന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും സ്‌കൂള്‍ അധികൃതര്‍ പരിഹാരം കാണാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചില്ല. അനധികൃത നിര്‍മ്മാണമായിട്ടും തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ പ്രധാനാധ്യാപികയും ശ്രമിച്ചില്ല. സ്‌കൂളില്‍ പരിശോധനയ്ക്ക് പോയ ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ വീഴ്ച വരുത്തിയെന്ന് മന്ത്രി പറഞ്ഞു.
ഇതിനിടെ, തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ബാലാവകാശ കമ്മീഷന്‍ അംഗം കെ.വി. മനോജ് കുമാര്‍ സന്ദര്‍ശനം നടത്തി. സംഭവത്തില്‍ ആര്‍ക്കൊക്കെ വീഴ്ച പറ്റിയെന്ന് സര്‍ക്കാരിനെ അറിയിക്കുമെന്ന് കെ.വി. മനോജ് കുമാര്‍ വ്യക്തമാക്കി.