by webdesk2 on | 11-07-2025 07:23:15 Last Updated by webdesk3
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വിലക്ക് ലംഘിച്ച് പ്രവേശിക്കുകയും ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്ത രജിസ്ട്രാര്‍ക്കെതിരെ ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് പരാതി നല്‍കി. കേന്ദ്ര ഏജന്‍സികളുടെ സുരക്ഷാ സംവിധാനം സര്‍വകലാശാലയില്‍ ഏര്‍പ്പെടുത്തണമെന്നും ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്‍ ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും, സര്‍വകലാശാലയുടെയും വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ നശിപ്പിക്കാനോ കടത്തിക്കൊണ്ടുപോകാനോ സാധ്യതയുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വകലാശാലയില്‍ സുരക്ഷ ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്നും, ചട്ടങ്ങള്‍ ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വൈസ് ചാന്‍സലറുടെ എതിര്‍പ്പ് അവഗണിച്ച് രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുതുടങ്ങി. ജീവനക്കാര്‍ കെ.എസ്. അനില്‍കുമാറിന്റെ ഫയല്‍ നോക്കാനുള്ള ഡിജിറ്റല്‍ ഐഡി പുനഃസ്ഥാപിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍, രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവയ്ക്കാനാണ് വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
വൈസ് ചാന്‍സലര്‍ താല്‍ക്കാലിക രജിസ്ട്രാറായി നിയമിച്ച ഡോ. മിനി കാപ്പന് ഐഡി നല്‍കുന്നത് ജീവനക്കാരുടെ സംഘടന നേതാക്കള്‍ വിലക്കിയതായും ആരോപണമുണ്ട്. രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്ത് എത്തരുതെന്നും, അദ്ദേഹത്തിന്റെ ചേമ്പറിലേക്ക് ആരെയും കടത്തിവിടരുതെന്നും വൈസ് ചാന്‍സലര്‍ സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഈ ഉത്തരവുകള്‍ പാലിക്കപ്പെടാതെ കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തുകയും ഡിജിറ്റല്‍ സിഗ്നേച്ചര്‍ തിരിച്ചെടുത്ത് ഫയലുകള്‍ തീര്‍പ്പാക്കുകയും ചെയ്തു.