by webdesk3 on | 10-07-2025 02:49:23 Last Updated by webdesk2
തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിനെതിരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ രാജ്ഭവന് മുന്നില്‍ ചെറിയ തോതില്‍ സംഘര്‍ഷം. ഉച്ചയോടെയായിരുന്നു മാര്‍ച്ച് ആരംഭിച്ചത്. രാജ്ഭവന് സമീപം പൊലീസ് ബാരിക്കേഡ് വെച്ച് പ്രതിഷേധം തടഞ്ഞെങ്കിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിനീക്കി മുന്നോട്ട് പോകാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
പ്രതിഷേധം നിയന്ത്രിക്കാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടര്‍ന്നും പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറിപ്പറ്റിയും അടിവശത്ത് ഇരുന്നും ശക്തമായി പ്രതിഷേധം തുടരുകയാണ്.
വലിയ സുരക്ഷാ സംവിധാനമാണ് രാജ്ഭവനു മുന്നില്‍ ഒരുക്കിയിട്ടുള്ളത്. തുടര്‍ച്ചയായി ജലപീരങ്കി പ്രയോഗിച്ചെങ്കിലും ടാങ്കിലെ വെള്ളം തീരുകയും അതിനാല്‍ തുടര്‍ന്നുള്ള ജലപീരങ്കി ഉപയോഗം അസാധ്യാവുകയും ചെയ്തു.
ഇപ്പോള്‍ പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതക പ്രയോഗിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. മുന്നറിയിപ്പ് വന്നിട്ടും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിന്‍വാങ്ങാതെ പ്രതിഷേധം തുടരുകയാണ്.