by webdesk3 on | 10-07-2025 12:15:51 Last Updated by webdesk2
കൊച്ചി: മാനേജറെ മര്‍ദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദനെ ഇന്‍ഫോപാര്‍ക്ക് പൊലീസ് ചോദ്യം ചെയ്തു. നടന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നേരിട്ട് എത്തിയ അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. സംഭവത്തില്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും മാനേജറെ തല്ലിയിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ മൊഴിയില്‍ വ്യക്തമാക്കി.
പരാതിക്കാരനായ വിപിന്‍ കുമാറിന്റെ മുഖത്തെ കൂളിംഗ് ഗ്ലാസ് വലിച്ചെറിഞ്ഞത് ചെറിയൊരു വികാരപ്രകടനമാത്രമായിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തയാറെടുപ്പുകള്‍ നടത്തുന്നത്.
ജൂണ്‍ 26നാണ് വിപിന്‍ കുമാര്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്നെ അസഭ്യം പറഞ്ഞതായും മര്‍ദിച്ചതായും നിലത്തു വീഴ്ത്തി ചവിട്ടിയതായും പരാതിയില്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് വിപിന്‍ പൊലീസില്‍ പരാതി നല്‍കിയത്.
വിപിന്‍ എന്നയാള്‍ എന്നോട് പൊറുക്കാന്‍ പറ്റാത്ത തെറ്റാണ് ചെയ്തത്. അത് ചോദിക്കാന്‍ പോകുമ്പോള്‍ ചൂടായാണ് സംസാരിച്ചത്. തല്ലുകയോ മര്‍ദിക്കുകയോ ചെയ്തിട്ടില്ല, എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.