by webdesk3 on | 08-07-2025 12:22:20 Last Updated by webdesk3
പത്തനംതിട്ട: കോന്നി പയ്യനാമണ്‍ പാറമടയില്‍ അപകടത്തില്‍പ്പെട്ട ബീഹാര്‍ സ്വദേശിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ വിഫലമാകുന്നു. രക്ഷാപ്രവര്‍ത്തന സംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിയുന്നതോടെ ദൗത്യം താത്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നു.
രാവിലെ പ്രത്യേക റോപ്പുകള്‍ ഉപയോഗിച്ച് ഹിറ്റാച്ചി യന്ത്രം കിടക്കുന്ന സ്ഥലത്ത് രക്ഷാദൗത്യ സംഘത്തിലെ നാല് അംഗങ്ങള്‍ എത്തി പരിശോധന നടത്തി. എന്നാല്‍, മണ്ണുമാന്തിയന്ത്രത്തിന്റെ ക്യാബിന്‍ മുകളിലേക്ക് വലിയ പാറകള്‍ ഇടിഞ്ഞുവീണ് മൂടിയ നിലയിലാണ്. നിലവിലെ സാഹചര്യത്തില്‍ വലിയ ക്രെയിന്‍ എത്തിക്കേണ്ടിവരുമെന്ന് ഫയര്‍ഫോഴ്‌സ് ജില്ലാ മേധാവി പ്രതാപ് ചന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വീണ്ടും പാറ ഇടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. അതിനിടെ, വലിയ യന്ത്രങ്ങള്‍ എത്തിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം എത്രയും വേഗം പുനരാരംഭിക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.