News India

സെന്‍സസ് ഡിജിറ്റലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; മൊബൈൽ ആപ്പുകളിലൂടെ വിവരശേഖരണം

Axenews | സെന്‍സസ് ഡിജിറ്റലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; മൊബൈൽ ആപ്പുകളിലൂടെ വിവരശേഖരണം

by webdesk2 on | 08-07-2025 08:09:40 Last Updated by webdesk3

Share: Share on WhatsApp Visits: 7


സെന്‍സസ് ഡിജിറ്റലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; മൊബൈൽ ആപ്പുകളിലൂടെ വിവരശേഖരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 2027-ല്‍ നടക്കാനിരിക്കുന്ന സെന്‍സസ് പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തിലായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചായിരിക്കും വിവരങ്ങള്‍ ശേഖരിക്കുന്നത്. പൗരന്മാര്‍ക്ക് ഒരു പ്രത്യേക വെബ് പോര്‍ട്ടല്‍ വഴി വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള സൗകര്യവും ഉണ്ടാകും. വിവരശേഖരണത്തിനുള്ള ആപ്പുകള്‍ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകള്‍ എന്നിവയില്‍ ലഭ്യമാക്കും. ഡാറ്റ ശേഖരിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ സ്വന്തം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

രണ്ട് ഘട്ടങ്ങളായാണ് സെന്‍സസ് നടത്തപ്പെടുക. ആദ്യ ഘട്ടമായ ഭവന സെന്‍സസ് 2026 ഏപ്രിലില്‍ ആരംഭിക്കും. ഇതിന് ശേഷം രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് നടക്കും. 2027 മാര്‍ച്ച് 1 ആണ് സെന്‍സസിന്റെ റഫറന്‍സ് തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ 2026 ഒക്ടോബര്‍ 1 ആയിരിക്കും റഫറന്‍സ് തീയതി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ 2027 മാര്‍ച്ച് 1ന് ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കും.

സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി, ഇന്ത്യയിലുടനീളമുള്ള ഭരണ അതിര്‍ത്തികള്‍ 2026 ജനുവരി 1 മുതല്‍ മരവിപ്പിക്കും. സെന്‍സസ് ചുമതലകള്‍ക്കായി 34 ലക്ഷം ഉദ്യോഗസ്ഥര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കും. രാജ്യത്ത് ജാതി സെന്‍സസ് കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഈ സെന്‍സസ് നടത്തുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

ഇത് രാജ്യത്തെ 16-ാമത് സെന്‍സസാണ്. 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ സെന്‍സസ് നടക്കുന്നത്. അവസാന സെന്‍സസ് 2011-ലാണ് നടന്നത്. 2021-ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് കോവിഡ് മഹാമാരി കാരണം മാറ്റിവെക്കേണ്ടി വന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment