by webdesk2 on | 07-07-2025 06:51:07 Last Updated by webdesk2
കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു കേരളത്തിലെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തും. രാവിലെ 9 നും 9.30 നും ഇടയിലാണ് ദര്‍ശനം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാവിലെ 8 മുതല്‍ 10 മണി വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദര്‍ശനം എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹങ്ങളും ചോറൂണും രാവിലെ 7 മണിക്ക് മുന്‍പോ 10 മണിക്ക് ശേഷമോ നടത്താന്‍ അനുവാദമുണ്ട്. ഇതിനായി കൂടുതല്‍ വിവാഹ മണ്ഡപങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
ക്ഷേത്രം ഇന്നര്‍ റിങ് റോഡുകളില്‍ ഇന്ന് രാവിലെ മുതല്‍ വാഹന പാര്‍ക്കിങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകള്‍ തുറക്കാനും അനുവാദമില്ല. പ്രാദേശിക, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന ക്യൂ രാവിലെ 6 മണിക്ക് അവസാനിപ്പിക്കും.
ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദേവസ്വം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍ കുമാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.