by webdesk3 on | 06-07-2025 02:53:45 Last Updated by webdesk2
തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം നാടകീയ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ നടപടി റദ്ദാക്കിയതായാണ് ഇടത് പക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ അവകാശവാദം. എന്നാല്‍, സസ്പെന്‍ഷന്‍ തുടരുന്നതാണെന്നും, വിഷയത്തില്‍ അന്തിമതീരുമാനം കോടതിയുടേതാവുമെന്ന് താത്ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് അറിയിച്ചു.
രജിസ്ട്രാറിന്റെ സസ്പെന്‍ഷന്‍ സംബന്ധിച്ച് 16 സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിര്‍ദേശപ്രകാരം പ്രത്യേക യോഗം ചേര്‍ന്നെങ്കിലും, ഇത് നിലവില്‍ കോടതി പരിഗണനയിലുള്ള വിഷയമായതിനാല്‍ ചര്‍ച്ച നടത്താനാകില്ലെന്ന് ഡോ. സിസ തോമസ് യോഗത്തില്‍ അറിയിച്ചിരുന്നു.
രജിസ്ട്രാറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല. അതിനുള്ള അന്തിമ തീരുമാനം കോടതിയുടേതാണ്. ഞാന്‍ യോഗം പിരിച്ചുവിട്ട ശേഷമാണ് ഇടത് അംഗങ്ങള്‍ യോഗം തുടരുന്നത്. അതിന് നിയമസാധുതയില്ല. അജണ്ടയില്‍ ഉള്‍പ്പെടാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാവില്ലെന്നതാണ് നിയമപരമായ നിലപാട് എന്ന് ഡോ. സിസ തോമസ് പ്രതികരിച്ചു.
ഇതിനിടെ, ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യോഗം തുടര്‍ന്നു, കെഎസ് അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ നടപടി റദ്ദാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.