by webdesk3 on | 06-07-2025 12:20:25 Last Updated by webdesk3
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും നിപ വൈറസ് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി. നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നതിന് തയ്യാറെടുക്കുകയാണ്. സംസ്ഥാന യൂണിറ്റുകളുമായി ഐഡിഎസ്പി (ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വെയിലന്‍സ് പ്രോഗ്രാം), എന്‍സിഡിസി (നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) തുടങ്ങിയ ദേശീയ ഏജന്‍സികള്‍ ചേര്‍ന്ന് നിരന്തരമായി ആശയവിനിമയം നടത്തുന്നുണ്.
നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വലിയ ആശങ്ക വേണ്ടെന്ന് കരുതുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുന്നത്.
അതേസമയം, പാലക്കാട് തച്ചനാട്ടുകരയില്‍ നിപ സ്ഥിരീകരിച്ച യുവതിയെ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ നേരിയ പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തച്ചനാട്ടുകരയും കരിമ്പുഴയും ഉള്‍പ്പെടുന്ന കണ്ടെയ്ന്മെന്റ് സോണുകളില്‍ കനത്ത സുരക്ഷാ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ആരോഗ്യവകുപ്പ് സ്ഥലത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാനും ലക്ഷണങ്ങളുണ്ടാകുന്നവര്‍ ഉടന്‍ തന്നെ ചികിത്സ തേടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.