by webdesk2 on | 06-07-2025 07:42:17 Last Updated by webdesk3
വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്ക് പിന്നാലെ ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌ക് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. ദ അമേരിക്ക പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ നിയമമായതിന് പിന്നാലെയാണ് നടന്നത്. പൗരന്മാര്‍ക്ക് സ്വാതന്ത്ര്യം തിരികെ നല്‍കുക എന്നതാണ് പുതിയ പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യമെന്ന് മസ്‌ക് അറിയിച്ചു.
പാഴ്‌ച്ചെലവുകളും അഴിമതിയും രാജ്യത്തെ പാപ്പരാക്കുമ്പോള്‍ അമേരിക്കക്കാര്‍ ഒരു ജനാധിപത്യ സംവിധാനത്തിലല്ല, മറിച്ച് ഒരു ഏകകക്ഷി സംവിധാനത്തിലാണ് ജീവിക്കുന്നതെന്നും മസ്‌ക് വിമര്‍ശിച്ചു. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസ്സായാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.
അമേരിക്കയില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് മസ്‌ക് കഴിഞ്ഞ ദിവസം എക്‌സില്‍ ഒരു അഭിപ്രായ സര്‍വേ നടത്തിയിരുന്നു. ഇതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയാണ് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. നിലവിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് പാര്‍ട്ടി സംവിധാനങ്ങള്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും മസ്‌ക് തുറന്നടിച്ചു.
അതേസമയം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ണായക നീക്കമായാണ് ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ വിലയിരുത്തപ്പെടുന്നത്. വലിയ രാഷ്ട്രീയ നീക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഒടുവിലാണ് ബില്‍ കോണ്‍ഗ്രസിന്റെ അംഗീകാരം നേടിയത്. യുഎസ് പ്രതിനിധി സഭയില്‍ നാല് വോട്ടിന്റെ ഭൂരിപക്ഷത്തിലും സെനറ്റില്‍ ഒരു വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലുമാണ് ബില്‍ പാസായത്. നികുതി ഇളവുകള്‍, സൈനിക കുടിയേറ്റ നിര്‍വഹണ ചെലവുകള്‍ വര്‍ദ്ധിപ്പിക്കല്‍ എന്നിവ ഈ നിയമത്തില്‍ ഉള്‍പ്പെടുന്നു.