by webdesk2 on | 05-07-2025 03:03:33
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ബിന്ദുവിന്റെ വീട് നവീകരിക്കുന്നതിനുള്ള നിര്‍മ്മാണച്ചുമതല ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. ഇതിനായി ഉടന്‍ പണം അനുവദിക്കുമെന്നും, ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എന്‍.എസ്.എസ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി ആര്‍. ബിന്ദു കുടുംബത്തെ ഫോണില്‍ വിളിച്ച് അറിയിച്ചു. മന്ത്രി ആര്‍. ബിന്ദു മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജും ബിന്ദുവിന്റെ വീട് സന്ദര്‍ശിക്കുമെന്നും, കുടുംബത്തിന്റെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും സന്ദര്‍ശനമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധങ്ങള്‍ കനക്കുന്നത്. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ എല്ലാ ജില്ലകളിലുമുള്ള ഡി.എം.ഒ. ഓഫീസുകളിലേക്ക് നടത്തിയ മാര്‍ച്ച് പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു.
കൂടാതെ, ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി. ബിന്ദുവിന്റെ മരണത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥ ആരോപിച്ച് പ്രതിപക്ഷം ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.