by webdesk3 on | 04-07-2025 12:07:53 Last Updated by webdesk3
കോട്ടയം മെഡിക്കല്‍ കോളജില്‍ സംഭവിച്ച ദുരന്തത്തെവുമായി ബന്ധപ്പെട്ട് താനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും നടത്തിയ പ്രതികരണങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതായി മന്ത്രി വി എന്‍ വാസവന്‍. തിരച്ചില്‍ നിര്‍ത്തണമെന്നോ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളില്ലെന്നോ ആരും പറഞ്ഞിട്ടില്ലെന്നും, രക്ഷാപ്രവര്‍ത്തനത്തിനായി ജെസിബി കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചതാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഹിറ്റാച്ചി കൊണ്ടുവരുന്നതിനുള്ള സൗകര്യം സ്ഥലത്ത് ഇല്ലായിരുന്നു. അപകടം ഉണ്ടായ കെട്ടിടം ഇടിയുമെന്ന് ആരോഗ്യമന്ത്രിക്ക് എങ്ങനെ മനസ്സിലാക്കാനാകും, പിന്നെ അതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
പുരയ്ക്ക് തീപിടിച്ച സമയത്ത് വാഴവെട്ടുന്ന സമീപനമാണ് ചിലര്‍ സ്വീകരിക്കുന്നത്. പാവങ്ങള്‍ക്ക് ആശ്രയമായിട്ടുള്ള കോട്ടയം മെഡിക്കല്‍ കോളജിനെ മുഴുവന്‍ തകര്‍ക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഗുണകരമല്ല എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ദൗര്‍ഭാഗ്യകരമായ സംഭവം നടന്നതിന്റെ പശ്ചാത്തലത്തില്‍, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ നടപടി ക്രമങ്ങളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പുതുതായി നിര്‍മിച്ച എട്ട് നില കെട്ടിടത്തിലേക്ക് രോഗികളെ മാറ്റുന്നതിന് നടപടി തുടങ്ങിയെന്നും, ഉദ്ഘാടനത്തിനായി കാത്തിരിക്കാതെ അതുപയോഗത്തിലാക്കാന്‍ തീരുമാനിച്ചതായും മന്ത്രി വി എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.