by webdesk2 on | 04-07-2025 08:18:31
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. നാളെ എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ജില്ലകളേതെന്ന് വ്യക്തമല്ലെങ്കിലും, വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലുമായിരിക്കും പ്രധാനമായും മഴ ലഭിക്കുകയെന്ന് സൂചനയുണ്ട്.
വടക്കന്‍ ഒഡിഷക്കും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ഒരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതും, മഹാരാഷ്ട്ര, കര്‍ണാടക തീരത്തിന് മുകളിലെ ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴ തുടരുന്നതിന് കാരണം. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കി. മലയോര, തീരദേശ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് നിലവില്‍ തടസ്സമില്ലെന്നും അറിയിച്ചിട്ടുണ്ട്.