by webdesk2 on | 04-07-2025 07:45:50 Last Updated by webdesk3
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐ(എം) നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഡയാലിസിസും തുടരുന്നുണ്ട്. അണുബാധ ചെറുക്കാന്‍ ആന്റിബയോട്ടിക് ചികിത്സയും നല്‍കുന്നുണ്ട്.
ജൂണ്‍ 23-നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വി.എസിനെ തിരുവനന്തപുരത്തെ പട്ടം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുമുതല്‍ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. നിലവില്‍ നല്‍കി വരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, സി.ആര്‍.ആര്‍.ടി., ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സകള്‍ തുടരാനും ആവശ്യമെങ്കില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്താനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
വൃക്കകളുടെ പ്രവര്‍ത്തനവും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലായിട്ടില്ലെന്നും ഡയാലിസിസ് തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് ചികിത്സ.