by webdesk2 on | 02-07-2025 03:51:16 Last Updated by webdesk3
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കാന്‍ ലക്ഷ്യമിട്ട് റെയില്‍വണ്‍ (RailOne) എന്ന പുതിയ സൂപ്പര്‍ ആപ്പ് പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ. വിവിധ റെയില്‍വേ സേവനങ്ങള്‍ക്ക് വ്യത്യസ്ത ആപ്പുകള്‍ ഉപയോഗിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കി യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട അനുഭവം നല്‍കുകയാണ് ഇതിലൂടെ ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നത്.
ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്, റിസര്‍വേഷന്‍, പിഎന്‍ആര്‍ സ്റ്റാറ്റസ്, ട്രെയിന്‍ സ്റ്റാറ്റസ് തുടങ്ങിയ സൗകര്യങ്ങളും കോച്ച് പൊസിഷന്‍ കണ്ടെത്തുക, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം പുതിയ റെയില്‍വണ്‍ ആപ്പില്‍ ലഭ്യമാക്കും. ആപ്പിന്റെ സഹായത്തോടെ, ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് യാത്ര എളുപ്പമാകും, കൂടാതെ ബുക്കിംഗിലോ മറ്റ് സേവനങ്ങളിലോ നേരിടുന്ന തടസ്സങ്ങള്‍ കുറയ്ക്കാനും സഹായിക്കും.
യാത്രക്കാര്‍ക്ക് ഫീഡ്ബാക്ക് അറിയിക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്. ടിക്കറ്റ് ബുക്കിംഗിനായി യാത്രക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് ഐആര്‍സിടിസി ആപ്പാണ് , ബുക്കിംഗുമായി ബന്ധപ്പെട്ട സേവനങ്ങളില്‍ ഇടയ്ക്ക് തകരാറുകള്‍ നേരിടാറുമുണ്ട്.ഇതിന് പരിഹരമായാണ് റെയില്‍വേ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
റെയില്‍വണ്‍ ആപ്പ് ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറിലും iOS ആപ്പ് സ്റ്റോറിലും ലഭ്യമാണ്.ലോഗിന്‍ ചെയ്യാനായി ഒന്നിലധികം പാസ്സ്വേഡുകള്‍ ഉപയോഗിക്കുന്നതിന് പകരം ഒരു പ്രാവശ്യം സൈന്‍-ഓണ്‍ ചെയ്യാവുന്നതാണ്. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം നിലവിലുള്ള റെയില്‍കണക്ട് അല്ലെങ്കില്‍ യുടിഎസ് ഓണ്‍ മൊബൈല്‍ ലോഗിന്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. എംപിന്‍, ബയോമെട്രിക് ലോഗിന്‍ ഓപ്ഷനുകള്‍ വഴി ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകളുടെ ആക്‌സസ് ലഭിക്കും.