by webdesk2 on | 01-07-2025 08:49:36 Last Updated by webdesk3
വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വലശാല സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍. പാട്ട് ഉള്‍പ്പെടുത്തിയതിന് എതിരായ പരാതി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് വിസി ഡോ പി രവീന്ദ്രന് ചാന്‍സലര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നിര്‍ദേശം. ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം എകെ അനുരാഗിന്റെ പരാതിയിലാണ് നടപടി. വേടന്റെ പാട്ട് സിലബസില്‍ നിന്ന് പിന്‍വലിക്കണം എന്നായിരുന്നു ആവശ്യം.
കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താന്‍ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടനെന്നും ഇത്തരമൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്നും പരാതിയില്‍ പറയുന്നു. വേടന്റെ രചനകള്‍ക്ക് പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ രചനകള്‍ പാഠഭാഗമാക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് ഭൂമി ഞാന്‍ വീഴുന്നിടം എന്ന വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിരുന്നത്. മൈക്കിള്‍ ജാക്സന്റെ ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ് എന്ന പാട്ടും വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് പാഠഭാഗത്തിലുള്ളത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം. യുദ്ധം കൊണ്ടുണ്ടാവുന്ന പ്രശ്നവും പലായനവുമാണ് വേടന്റെ പാട്ടിന്റെ വിഷയം. രണ്ട് വീഡിയോ ലിങ്കുകളായിട്ടാണ് ഇവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.