by webdesk2 on | 01-07-2025 07:40:39 Last Updated by webdesk2
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ എട്ട് ദിവസത്തെ വിദേശസന്ദര്‍ശനം നാളെ മുതല്‍ ആരംഭിക്കും. അഞ്ച് രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക. നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാര, നിക്ഷേപ സഹകരണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കുന്നതാണ് ഈ സന്ദര്‍ശനം. പത്ത് വര്‍ഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ സന്ദര്‍ശനമാണിത്.
നാളെ ഘാനയിലേക്കാണ് ആദ്യസന്ദര്‍ശനം. ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലും മോദി സന്ദര്‍ശിക്കും. 26 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ സന്ദര്‍ശനമാണിത്.
ഈ മാസ 6, 7 തീയതികളില്‍ ബ്രസീലിലെ റിയോയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഈ മാസം 9ന് നമീബീയിലും മോദി സന്ദര്‍ശനം നടത്തുന്നുണ്ട്. പ്രധാനമായ ധാരണാപത്രങ്ങള്‍ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ രണ്ടാമത്തെ അഞ്ച് രാഷ്ട്ര സന്ദര്‍ശനമാണിത്. 2016-ല്‍ അദ്ദേഹം അമേരിക്ക, മെക്‌സിക്കോ, സ്വിറ്റ്‌സര്‍ലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.