by webdesk2 on | 01-07-2025 07:31:25
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐ.പി.എസ്. ചുമതലയേറ്റു. രാവിലെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ താല്‍ക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ കൈമാറി.
കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായിരുന്ന റവാഡ ചന്ദ്രശേഖര്‍ പുതിയ ചുമതലയില്‍ നിയോഗിതനായതിന് പിന്നാലെ ഡെപ്യൂട്ടേഷനില്‍ നിന്നും വിടുതല്‍ നേടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി തന്നെ അദ്ദേഹം കേരളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെ പൊലീസ് ആസ്ഥാനത്തേയ്ക്ക് എത്തിയ എത്തിച്ചേര്‍ന്ന പുതിയ പൊലീസ് മേധാവിയ്ക്ക് പൊലീസ് സേന ആദരവോടെയുള്ള വരവേല്‍പ്പാണ് ഒരുക്കിയത്. താല്‍ക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷില്‍ നിന്നും ചുമതല ഏറ്റെടുത്ത റവാഡ ചന്ദ്രശേഖര്‍ പിന്നീട് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഇതിന് പിന്നാലെ പൊലീസ് സേന ഒരുക്കിയ ഗാര്‍ഡ് ഓഫ് ഓണറില്‍ സല്യൂട്ട് സ്വീകരിച്ചു.
കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ റവാഡ ചന്ദ്രശേഖര്‍ പങ്കെടുക്കും. ചുമതലയേറ്റ ശേഷമുള്ള റവാഡ ചന്ദ്രശേഖറിന്റെ ആദ്യ ഔദ്യോഗിക പരിപാടി കണ്ണൂരാണ്. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവിയായി എത്തുന്നത്. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. ദീര്‍ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറി പദവിയില്‍ സേവനം അനുഷ്ഠിച്ച് വരവെയാണ് റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി തിരഞ്ഞെടുത്തത്.