by webdesk2 on | 30-06-2025 10:25:17
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
യു.പി.എസ്.സി. നല്‍കിയ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ നിന്നാണ് റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തത്. പട്ടികയില്‍ രണ്ടാമനായിരുന്നു ഇദ്ദേഹം. 1991 ഐ.പി.എസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖര്‍ ദീര്‍ഘകാലമായി കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷാ ചുമതലയുള്ള ക്യാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം.
ആന്ധ്രാപ്രദേശ് സ്വദേശിയായ റവാഡ ചന്ദ്രശേഖറിന് ഒരു വര്‍ഷം കൂടി സര്‍വീസ് കാലാവധിയുണ്ട്. സംസ്ഥാന പോലീസ് മേധാവി ആകാനുള്ള താല്‍പ്പര്യം അദ്ദേഹം നേരത്തെ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് അറിയിച്ചിരുന്നു. എന്നാല്‍, റവാഡ ചന്ദ്രശേഖറിന് കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട ഒരു പഴയ വിവാദ ചരിത്രമുണ്ട്. കൂത്തുപറമ്പ് വെടിവെപ്പ് നടന്ന സമയത്ത് കണ്ണൂര്‍ എ.എസ്.പി.യായിരുന്നു അദ്ദേഹം. ഈ സംഭവം പിന്നീട് ജൂഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാവുകയും അതിനുശേഷം അദ്ദേഹം സര്‍വീസില്‍ തിരിച്ചെത്തി കേന്ദ്ര സര്‍വീസിലേക്ക് മാറുകയും ചെയ്തിരുന്നു. ഈ വിഷയം നിയമനത്തില്‍ ഒരു രാഷ്ട്രീയപരമായ വെല്ലുവിളിയായി ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടോ എന്ന് ഉറ്റുനോക്കുന്നുണ്ട്.