by webdesk3 on | 28-06-2025 10:07:23 Last Updated by webdesk2
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ (ഞായര്‍) തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. രാവിലെ 10 മണിയോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനം. പരമാവധി 1000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പെരിയാര്‍ തീരപ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. നിലവില്‍ ജലനിരപ്പ് 136 അടിയിലാണ്. നീരൊഴുക്ക് കുറയുകയാണെങ്കില്‍ ഷട്ടര്‍ തുറക്കുന്ന തീരുമാനം പുന:പരിശോധിക്കാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഷട്ടര്‍ തുറക്കുമെന്ന മുന്നറിയിപ്പ് നേരത്തെ ലഭിച്ചതിനാല്‍ മുന്‍കരുതലായി ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പെരിയാര്‍ നദിയിലെ ജലനിരപ്പ് ഇപ്പോഴും താഴ്ന്ന നിലയിലാണ്. ഡാമില്‍ നിന്ന് വെള്ളം ഒഴുക്കിയാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
അതേസമയം, പത്തനംതിട്ടയിലെ മണിമല നദിയില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍ തുടരുന്നതിനാല്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനൊപ്പം, പീച്ചി ഡാമിലെ നാല് ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് കരുവന്നൂര്‍, മണലിപ്പുഴ നദികളുടെ തീരപ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ജില്ലകളില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.