by webdesk2 on | 28-06-2025 04:14:30 Last Updated by webdesk3
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിയില്‍ രാജിവയ്ക്കാന്‍ ഒരുങ്ങി യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. ഉപകരണങ്ങള്‍ ലഭ്യമാകാത്തതോടെ ശസ്ത്രക്രിയകള്‍ മാറ്റി. ഉപകരണങ്ങള്‍ എത്തിക്കാന്‍ ഒരു രൂപയുടെ പോലും പര്‍ച്ചേസിംഗ് പവര്‍ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകള്‍ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞു രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തു. മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അപേക്ഷയില്‍ നടപടി എടുത്തില്ല. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാന്‍ താനില്ലെന്നും ഡോക്ടര്‍ ഹാരിസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ ദുരവസ്ഥ തുറന്നു കാണിക്കുകയാണ് ഹാരിസ് ചിറക്കല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ. മകന്റെ പ്രായമുള്ള വിദ്യാര്‍ഥിയുടെ ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നു. ലജ്ജയും നിരാശയും ഉണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് മെച്ചപ്പെടുത്താന്‍ ഓടിയോടി ക്ഷീണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആരോഗ്യമേഖലയെ ലജ്ജിപ്പിക്കുന്നതരത്തിലുള്ള നടപടിയാണ് ഉണ്ടായിരിക്കുന്നത്. സപ്പോര്‍ട്ട് ഇല്ലാതെ നിസ്സഹായാവസ്ഥയിലാണ് ഇന്ന്. തീവ്രമായ വേദനയോടെ, ഗുരുതരമായ വൃക്കരോഗങ്ങളാല്‍ ഒക്കെ അവശരായ നിരവധി സാധാരണ ജനങ്ങള്‍ ചികിത്സയ്ക്കായി ഒരു വശത്ത്, എതിര്‍ വശത്ത് ഉപകരങ്ങളുടെ ക്ഷാമം, അത് പരിഹരിക്കാന്‍ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍, നിയമങ്ങളുടെ നൂലാമാലകള്‍. നിസ്സഹായാവസ്ഥയില്‍ ആകുന്നത് ഡോക്ടര്‍മാരും വകുപ്പ് മേധാവിയുമാണ്.
ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഒരുപക്ഷെ പുറത്താകുകയോ പുറത്താക്കുകയോ ചെയ്‌തേക്കാം. മാസം മൂന്നര ലക്ഷം രൂപയിലേറെ പൊതുഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുന്ന എനിക്ക്, പൊതുജനങ്ങള്‍ക്ക് അതിനനുസരിച്ച് തിരിച്ച് സേവനം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അതുതന്നെയാണ് നല്ലതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
പല രോഗികളും പണം പിരിച്ചെടുത്ത് ഉപകരണങ്ങള്‍ വാങ്ങി തരുന്നത് കൊണ്ടാണ് കുറെയെങ്കിലും ഓപ്പറേഷനും ചികിത്സയും നടന്നുപോകുന്നത്. മാസങ്ങളോളം രോഗികള്‍ ഓപ്പറേഷന് കാത്തിരിക്കുമ്പോള്‍ ദയവായി നിങ്ങള്‍ ഡോക്ടര്‍മാരെ കുറ്റം പറയരുത്. നിങ്ങളുടെ വേദനയും അലച്ചിലും ബുദ്ധിമുട്ടുകളും ഞങ്ങള്‍ക്ക് അറിയാത്തത് കൊണ്ടല്ല. അഹങ്കാരം കൊണ്ടോ കൈക്കൂലി തരാത്തത് കൊണ്ടോ അല്ല. പരിമിതികള്‍ മൂലമാണ്. പലരോടും അപേക്ഷിച്ച് നടന്നിട്ടും യാതൊരു പരിഹാരവും ഇല്ലാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നില്‍ ഒരു വകുപ്പ് മേധാവി എന്ന നിലയില്‍ ഈ കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.