by webdesk2 on | 14-06-2025 08:38:23 Last Updated by webdesk3
ടെല്‍ അവീവ്: ഇന്നലെ രാത്രി ഇറാന്‍ തിരിച്ചടി തുടങ്ങിയതോടെ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇസ്രയേലിന് തിരിച്ചടിയായി ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 63 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആദ്യം നൂറിലധികം ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രയേലില്‍ ആക്രമണം നടത്തിയ ഇറാന്‍, പിന്നീട് ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടു. അതേസമയം ഇറാനില്‍ വീണ്ടും ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറന്നതായും സൂചനയുണ്ട്.
സുപ്രധാന ഇസ്രായേലി നഗരങ്ങള്‍ ഉന്നമിട്ട് ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. എട്ട് പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നിസ്സാര പരുക്കുകളാണുള്ളതെന്നും ഇസ്രയേല്‍ ആംബുലന്‍സ് ഏജന്‍സി ഉള്‍പ്പെടെയുള്ളവെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ഇസ്രയേലിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇറാന്‍ ബാലിസ്റ്റിക് ആക്രമണം തുടങ്ങിയത്. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് -3 എന്ന് പേരിട്ടിരിക്കുന്ന ആക്രമണത്തില്‍ ഇസ്രയേലിലെ നിരവധി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായും സൈനിക കേന്ദ്രങ്ങളും എയര്‍ ബേസുകളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.
ബുധനാഴ്ച രാത്രിയില്‍ ഇസ്രായേല്‍ ഇറാനെതിരെ വ്യോമാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇറാന്റെ ആണവ - സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. ഇതിന് പിന്നാലെ ഇറാന്‍ തിരിച്ചടിച്ചതോടെ പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് വിലയിരുത്തല്‍.