by webdesk3 on | 05-06-2025 12:24:28 Last Updated by webdesk2
അറബിക്കടലില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ട് മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ച് ഹൈക്കോടതി. മുങ്ങിയ കണ്ടെയ്നറുകളില്‍ എന്തൊക്കെ വസ്തുക്കളായിരുന്നു എന്നു വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
ചരക്കുകപ്പലിലെ കണ്ടെയ്നറുകളില്‍ ഉള്‍പ്പെടുത്തിയിരുന്ന സാധനങ്ങള്‍ എന്തെന്നതും, അവയുടെ മുങ്ങലിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്താകുമെന്നും കോടതി ചോദിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കിയിട്ടുണ്ട്.
മെയ് 25നുണ്ടായ കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി. എന്‍ പ്രതാപന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെട്ടത്. ലഭ്യമായ എല്ലാ വിവരങ്ങളും - ചരക്കിന്റെ വിശദാംശങ്ങള്‍, എണ്ണചോര്‍ച്ചയുടെ തോത്, സംഭവത്തിന്റെ പാരിസ്ഥിതിക ആഘാതം എന്നിവയുള്‍പ്പെടെ - പൊതുസമൂഹത്തിന് ലഭ്യമാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.