by webdesk2 on | 01-05-2025 11:49:33 Last Updated by webdesk3
പല ചിത്രങ്ങളിലും സ്ത്രീകളെ വളരെ തെറ്റായ രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട് എന്ന് നടന്‍ അജിത് കുമാര്‍. ഇനി അത്തരം ചിത്രങ്ങള്‍ അഭിനയിക്കാതിരിക്കാന്‍ പ്രത്യേകമായി കരുതുന്നുണ്ടെന്നും അജിത് കുമാര്‍ പറഞ്ഞു. നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം താരം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ചില ചിത്രങ്ങളിലൊക്കെ ഒരു വില്ലന്‍ കഥാപാത്രം നായികയോട് അപമര്യാദയായി പെരുമാറിയാല്‍, അവള്‍ അവനെ അടിച്ചെന്ന് വരും, അല്ലെങ്കില്‍ നായകന്‍ വന്നു രക്ഷിക്കും, എന്നാല്‍ അതേ പ്രവൃത്തി നായകന്‍ തന്നെയാണ് ചെയ്യുന്നതെങ്കില്‍ അവള്‍ അന്ന് രാത്രി അവനുമായി ഡ്യൂയറ്റ് ഗാനം സ്വപ്നം കാണുന്നതാണ് പതിവ്, അജിത് കുമാര്‍ പറയുന്നു.
മുന്‍പ് താന്‍ അഭിനയിച്ച സിനിമകളില്‍ പോലും സ്റ്റോക്കിങ് (സ്ത്രീകളെ അനുവാദമില്ലാതെ പിന്തുടരുന്ന പ്രവൃത്തി) വളരെ സര്‍വസാധാരണമായി ചിത്രീകരിച്ചിട്ടുള്ളതില്‍ ഖേദമുണ്ടെന്നും, അതിനുള്ള കുറ്റബോധവും തിരുത്തല്‍ നടപടിയുമായിട്ടാണ് താന്‍ പിങ്ക് എന്ന ചിത്രം റീമേക്ക് ചെയ്തതെന്നും, ഇനി അത്തരം ചിത്രങ്ങള്‍ അഭിനയിക്കാതിരിക്കാന്‍ പ്രത്യേകമായി കരുതുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.
അജിത് കുമാറിന് രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിന്റെ ഓഡിയോ പതിപ്പ് മാത്രമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.