by webdesk3 on | 26-04-2025 12:48:51 Last Updated by webdesk2
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് സൗരവ് ഗാംഗുലി. ബിസിസിഐയോടാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മറ്റ് എല്ലാ വിഷയത്തിലും ഇന്ത്യ പാകിസ്ഥാനുമായി നിസ്സഹകരണം തുടരാനുള്ള തീരുമാനത്തിലാണ്. അതിനാല്‍ തന്നെയാണ് ക്രിക്കറ്റ് ബന്ധങ്ങളും അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടിരിക്കുന്നത്.
ക്രിക്കറ്റിലും പാകിസ്ഥാനെതിരെ കടുത്ത നടപടിയെടുക്കണം. പാകിസ്ഥാന്‍ ടീമുമായുള്ള സഹകരണം നൂറുശതമാനം നിര്‍ത്തലാക്കാനുള്ള സമയമായി എന്ന് അദ്ദേഹം പറയുന്നു.
എല്ലാവര്‍ഷവും തുടര്‍ച്ചയായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുകയാണ്. അത് ഗൗരവമേറിയ കാര്യമാണ്. ഭീകരതയോട് ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാന്‍ ദ്വിരാഷ്ട്ര ക്രിക്കറ്റ് പരമ്പരകള്‍ നടന്നിട്ടില്ല. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വലിയ രീതിയില്‍ വഷളായിരുന്നു. ഇപ്പോള്‍ ഐസിസിയുടെ ടൂര്‍ണമെന്റുകള്‍ മാത്രമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത്. എന്നാല്‍ ഈ ടൂര്‍ണമെന്റിലെ മത്സരങ്ങളിലും പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല.
2026 ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി ട്വന്റി ലോകകപ്പാണ് ഇനി ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച് പങ്കെടുക്കുന്ന പ്രധാന ഐസിസി ടൂര്‍ണമെന്റ്. ഈ വര്‍ഷത്തെ വനിതകളുടെ ഏകദിന ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നതെങ്കിലും ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.