Views Politics

പി.ശശിക്കെതിരെ പാര്‍ട്ടിതല അന്വേഷണം; നടപടി അന്‍വര്‍ എം.വി. ഗോവിന്ദനെ നേരില്‍ കണ്ടതിനെ തുടര്‍ന്ന്: ഇനിയെല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്ന് അന്‍വര്‍

Axenews | പി.ശശിക്കെതിരെ പാര്‍ട്ടിതല അന്വേഷണം; നടപടി അന്‍വര്‍ എം.വി. ഗോവിന്ദനെ നേരില്‍ കണ്ടതിനെ തുടര്‍ന്ന്: ഇനിയെല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്ന് അന്‍വര്‍

by webdesk1 on | 04-09-2024 11:33:36 Last Updated by webdesk1

Share: Share on WhatsApp Visits: 85


പി.ശശിക്കെതിരെ പാര്‍ട്ടിതല അന്വേഷണം; നടപടി അന്‍വര്‍ എം.വി. ഗോവിന്ദനെ നേരില്‍ കണ്ടതിനെ തുടര്‍ന്ന്: ഇനിയെല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്ന് അന്‍വര്‍


തിരുവനന്തപുരം: പി.വി. അന്‍വറിന്റെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ പാര്‍ട്ടിതല അന്വേഷണം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അന്‍വര്‍ നേരിട്ടുകണ്ട് പരാതി നല്‍കിയതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. 


മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പാണ് അന്‍വര്‍ സംസ്ഥാന സെക്രട്ടറിക്കും നല്‍കിയത്. മുഖ്യമന്ത്രി സമഗ്രമായ അന്വേഷണം ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും അതുമാത്രം പോരെന്നും സംഘടനാ തലത്തില്‍ പ്രശ്‌നം പരിശോധിക്കണമെന്നും കൂടിക്കാഴ്ച്ചയില്‍ അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. 


പി.ശശി സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്ന പരാതി ഏറെക്കാലമായി സി.പി.എമ്മിന് അകത്തുണ്ട്. ഇതേ വികാരമായിരിക്കും പി.വി. അന്‍വര്‍ പാര്‍ട്ടിയെ അറിയിക്കുക. അന്‍വറിന്റെ പരാതി വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിക്കും.


പിണറായി സര്‍ക്കാരിനെതിരെ ജനവികാരം രൂപപ്പെടുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ പങ്കുവഹിക്കുന്നതായി കഴിഞ്ഞ മാസം ഒടുവില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് ശരിവയ്ക്കുന്ന നിലയില്‍ ഭരണപക്ഷ എം.എല്‍.എ തന്നെ മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.


ജനങ്ങളെ സര്‍ക്കാരിന് എതിരാക്കുന്നതില്‍ വലിയ പങ്ക് പോലീസിന്റേതാണെന്നാണ് വിമര്‍ശനം. ആരോപണവിധേയനായ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്റെ പേരു പറഞ്ഞുള്ള ആക്ഷേപങ്ങളുമുണ്ടായി. ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി വിമര്‍ശകരുടെ ഉന്നമായി. പാര്‍ട്ടിക്കുള്ളില്‍ ഈ വികാരം ഉള്ളപ്പോഴാണ് ആഭ്യന്തര വകുപ്പിനെതിരെ വലിയ ആരോപണങ്ങളുമായി അന്‍വര്‍ കളം നിറഞ്ഞത്.


സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ആക്ഷേപങ്ങള്‍ അന്‍വര്‍ ഉന്നയിച്ചിട്ടും അദ്ദേഹത്തെ നിയന്ത്രിക്കാനോ തിരുത്താനോ ശ്രമിച്ചിട്ടില്ലെന്നു മാത്രമല്ല, പിന്തുണയുണ്ടെന്നു സൂചിപ്പിക്കുന്ന പ്രതികരണങ്ങളാണ് സി.പി.എമ്മില്‍നിന്ന് ഉണ്ടാകുന്നത്. അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ പരിശോധിക്കണമെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ നിലപാട്.


അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‍നിന്നു നീക്കാനുള്ള ആലോചന നടന്നതിനുശേഷം അതു വേണ്ടെന്നുവച്ച മുഖ്യമന്ത്രിയുടെ തീരുമാനത്തോടും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനു വിയോജിപ്പുണ്ട്. മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തരവകുപ്പില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു സി.പി.എമ്മില്‍ ഭിന്നാഭിപ്രായം ശക്തമാകുന്നത് നിസാരവുമല്ല.


അതിനിടെ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം ഇന്ന് ചേരും. ഡി.ജി.പി ഷേക്ക് ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തിലാണ് യോഗം. കഴിഞ്ഞദിവസം പി.വി. അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment