by webdesk1 on | 04-09-2024 08:33:52
കണ്ണൂര്‍: ലൈംഗീകാരോപണം ഉള്‍പ്പടെ ഒന്നിനു പുറകെ ഒന്നായി വിവാദങ്ങള്‍. തെറ്റു തിരുത്തിയും ശാസന ഏറ്റുവാങ്ങിയും പാര്‍ട്ടിയില്‍ നിശബ്ദ സാന്നിധ്യം. ഒടുവില്‍ സര്‍ക്കാരില്‍ സാക്ഷാല്‍ പിണറായി വിജയനെപ്പോലും നോക്കുകുത്തിയാക്കി ആഭ്യന്തര വകുപ്പിനെ ഉള്ളം കയ്യില്‍ അമ്മാനമാടുന്ന പി.ശശി എന്ന `സൂപ്പര്‍ പോലീസ് മന്ത്രി`യുടെ പടിയിറക്കത്തിന്റെ സൂചനയായി ഇപ്പോള്‍ ഭരണകക്ഷി എം.എല്‍.എ പി.വി. അന്‍വറിന്റെ സര്‍ക്കാരിനേയും പാര്‍ട്ടിയേയും നിലതെറ്റിക്കുന്ന ആരോപണം. അറിയാം പി.ശശി എന്ന രാഷ്ട്രീയക്കാരന്റെ വിവാദങ്ങള്‍ നിറഞ്ഞ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച്.
ലൈംഗികാരോപണത്തിന്റെ പേരില്‍ 2011 ല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ട സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ശശി രണ്ടാം പിണറായി സര്‍ക്കാരിലാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയായി എത്തിയത്. എല്‍.ഡി.എഫ് കണ്‍വീനറായി ഇ.പി. ജയരാജനെ തെരഞ്ഞെടുത്ത അന്നുതന്നെയാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശിയെ നിയോഗിച്ചത്.
1996 നും 2001 നും ഇടയില്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി.പി.എം ഔദ്യോഗിക ഘടകവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അന്നും സര്‍ക്കാരിന്റെ ഭരണം നിയന്ത്രിച്ചിരുന്നത് പി.ശശിയുടെ നേതൃത്വത്തിലായിരുന്നു. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശി രണ്ടാം പിണറായി സര്‍ക്കാരില്‍ തിരികെയെത്തിയപ്പോള്‍ ഭരണം നിയന്ത്രിക്കുന്നത് പി.ശശിയാണെന്ന ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്.
ഇതിനിടെയാണ് സിപിഎം എം.എല്‍.എ പി.വി. അന്‍വറും ഇടതുസഹയാത്രികനും മുന്‍ എംഎല്‍എയുമായ കാരാട്ട് റസാക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നത് പി. ശശിയാണെന്ന ആരോപണവുമായി രംഗത്തു വന്നത്.
സിപിഎമ്മിനുള്ളില്‍നിന്നു നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്‍പ് പി.ശശിയെ പുറത്താക്കിയത്. എന്നാല്‍ പുറത്താക്കപ്പെട്ട ശേഷവും സിപിഎമ്മില്‍ ശശിയുടെ വലിയ സ്വാധീനം ഉണ്ടായിരുന്നു. ടി.പി. ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരുടെ അഭിഭാഷകനായി പ്രവര്‍ത്തിച്ചു.
2018 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടു വര്‍ഷത്തിനുശേഷം ശശിക്കെതിരായ ലൈംഗികാരോപണം അടിസ്ഥാനരഹിതമാണെന്നു കാണിച്ച് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ കോടതി വിചാരണ കൂടാതെ കേസ് തള്ളുകയായിരുന്നു.
2010 ല്‍ ഒരു വനിതാ ഡിവൈഎഫ്ഐ നേതാവാണ് ലൈംഗികാരോപണം ഉന്നയിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2010 ഡിസംബര്‍ 13ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയില്‍നിന്ന് പെരളശേരി കീഴറ ബ്രാഞ്ച് കമ്മിറ്റിയിലേക്കു ശശിയെ തരംതാഴ്ത്തിയിരുന്നു. എന്നാല്‍, വിട്ടുവീഴ്ചയില്ലാത്ത നിലപാട് വി.എസ്. അച്യുതാനന്ദന്‍ സ്വീകരിച്ചതോടെ 2011ല്‍ സംസ്ഥാന കമ്മിറ്റി ശശിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.
നേരത്തെ അച്യുതാനന്ദനുമായി അടുത്തിടപഴകിയ ഒരു മുതിര്‍ന്ന സിപിഎം നേതാവും ശശിയുടെ കൊള്ളരുതായ്മയെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. നേതാവിന്റെ അടുത്ത ബന്ധുവിനെയാണു ശശി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്.
2018ല്‍ വനിതാ നേതാവ് ഉന്നയിച്ച കുറ്റങ്ങള്‍ ഹൊസ്ദുര്‍ഗ് കോടതി തള്ളിയതിനു തൊട്ടുപിന്നാലെ പിണറായിയുടെ നേതൃത്വത്തില്‍ പി. ശശിയെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തു. പിന്നീട് ശശി അതിവേഗം അധികാരസ്ഥാനങ്ങളില്‍ തിരിച്ചെത്തുന്നതാണു കണ്ടത്.
2019ല്‍ അദ്ദേഹത്തെ വീണ്ടും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെടുത്തിയ ശശിയെ ഒടുവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. ഇതിനിടെയാണു ശശിക്കെതിരേ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.