by webdesk1 on | 31-01-2025 10:26:26
വാഷിങ്ടണ്‍: റൊണാള്‍ഡ് റീഗന്‍ ദേശീയ വിമാനത്താവളത്തിനടുത്ത് യു.എസ് യാത്രാവിമാനം സേനാ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ ബൈഡന്‍ സര്‍ക്കാരിന്റെ സമത്വ നയത്തിനെതിരായ ആയുധമാക്കുകയാണ് അമേരക്കയുടെ പുതിയ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ബറാക് ഒബാമയുടേയും ജോ ബൈഡന്റെയും കാലത്തെ നയങ്ങളുടെ പരിണിതഫലമാണ് അപകടകാരണമെന്നാണ് ട്രംപിന്റെ വ്യാഖ്യാനം. ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തിനെതിരെയുള്ള തന്റെ പേരാട്ടം ശരിവയ്ക്കാനും അതുവഴി ട്രാന്‍സ്‌ജെന്‍ഡറുകളെ സുപ്രധാന പദവികളില്‍ നിന്ന് ഒഴിവാക്കാനും വിമാനദുരന്തത്തെ മറയാക്കി ട്രംപ് ശ്രമം ആരംഭിച്ചുകഴിഞ്ഞു.
കടുത്ത ബൗദ്ധിക വൈകല്യമുള്ള ആളുകളെയാണ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരായി ഒബാമയുടെയും ജോ ബൈഡന്റെയും ഭരണകൂടങ്ങളുടെയും കാലത്ത് നിയമിച്ചിരുന്നതെന്ന ട്രംപിന്റെ വിമര്‍ശനം തന്നെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ലക്ഷ്യമിട്ടുള്ളതാണ്. സൈന്യത്തില്‍ ഉള്‍പ്പെടെ വംശീയ വൈവിധ്യത്തിനായി വാദിക്കുന്ന ഡി.ഇ.ഐ നയമാണ് അപകട കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒബാമയുടേയും ബൈഡന്റേയും ഭരണകാലത്തിനിടെ ഒരു ടേമില്‍ ട്രംപ് ഭരിച്ചിരുന്നുവെന്നും ആ സമയത്ത് ഇത്തരം തെറ്റായ നയങ്ങള്‍ തിരുത്താമായിരുന്നില്ലെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് തട്ടിക്കയറുകയാണുണ്ടായത്. ആരോപണങ്ങളുടെ അടിസ്ഥാനമെന്താണെന്ന് ചോദിച്ചപ്പോള്‍ കോമണ്‍സെന്‍സാണെന്നും ട്രംപ് പറഞ്ഞു.
യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സ്ഥാനങ്ങളില്‍ നിയോഗിക്കേണ്ടവര്‍ മികച്ചവരും ബൗദ്ധിക നിലവാരം പുലര്‍ത്തുന്നവരുമായിരിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അപകടം മുന്നില്‍ക്കണ്ട് അതിവേഗം ഉചിതമായ തീരുമാനമെടുക്കാന്‍ ശേഷിയുള്ളവര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ തലപ്പത്ത് ഉണ്ടായിരിക്കേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ബൈഡന്റെ ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ (ഡി.ഇ.ഐ) നയങ്ങളാണ് കഴിവുള്ള ആളുകളേ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരുത്തുന്നതില്‍ പരാജയപ്പെട്ടതെന്നും ട്രംപ് പറഞ്ഞു.
അതേസമയം അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 64 പേരുടെയും ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരുടേയുമടക്കം 67 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനകം 40 മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു. 27 മൃതദേഹങ്ങള്‍ വിമാനത്തിനുള്ളില്‍ നിന്നാണ് കണ്ടെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലെയും വിമാനത്തിലെയും ബ്ലാക് ബോക്സ് പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെടുത്തു. അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ദേശീയ ഗതാഗത സുരക്ഷാ ഏജന്‍സി അറിയിച്ചു.