by webdesk1 on | 31-01-2025 09:50:23
പ്രയാഗ്‌രാജ്: 144 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മഹാകുംഭമേളയ്ക്ക് വലിയ സ്വീകാര്യതയാണ് രാജ്യത്താകമാനം ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം നേരില്‍ക്കണ്ട് മനസിലാക്കാനും ഭാഗഭാക്കാകാനും ഒട്ടേറെപ്പേര്‍ ഒഴുകിയെത്തി. ഒരു പക്ഷെ സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ ഏറെയായിരുന്നു ജനപങ്കാളിത്തം. കുംഭമേളയിലെ പ്രധാന ചടങ്ങുകളിലേക്ക് എത്തിയതോടെ പതിയെ പതിയെ കാര്യങ്ങള്‍ കൈവിട്ടു തുടങ്ങി. ഒടുവില്‍ മുപ്പതിലേറെ വരുന്ന ആളുകളുടെ ദാരുണമായ മരണത്തിനിടയാക്കിയ ദുരന്തത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തുകയായിരുന്നു.
മേളയുടെ നടത്തിപ്പ് പൂര്‍ണമായും യു.പി സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു. കോടിക്കണക്കിന് ഭക്തജനങ്ങള്‍ സംഗമത്തിനെത്തുമെന്നറിയിച്ച അധികൃതര്‍ പക്ഷേ, അതിനനുസരിച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടതാണ് ആക്ഷേപം. ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമസ്ഥാനത്ത് നടത്തുന്ന അമൃതസ്‌നാനം മോക്ഷം നല്‍കുമെന്ന വിശ്വാസത്തില്‍ മൗനി അമാവാസിയില്‍ സന്യാസിമാര്‍ക്കൊപ്പം പുണ്യസ്‌നാനം ചെയ്യാന്‍ ഭക്തജനങ്ങള്‍ തിരക്ക് കൂട്ടിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. ജനക്കൂട്ടത്തിന്റെ തള്ളലില്‍ ബാരിക്കേഡ് തകരുകയും ഇരച്ചുവന്ന ജനക്കൂട്ടത്തിനിടെ വീണുപോയവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയാതെ വരികയും ചെയ്‌തെന്നു പോലീസ് വിശദീകരിക്കുന്നു.
മുപ്പതിലേറെ പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കില്‍ ആശുപത്രി മോര്‍ച്ചറികളില്‍ മാത്രം 58 മൃതദേഹങ്ങള്‍ കണ്ടതായും പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നും നിരവധി പേരെ കാണാതായതായും വിദേശ-പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ഏറെ സമയമെടുത്തെന്നുമാണ് ആക്ഷേപം. തീര്‍ഥാടകരെ വി.ഐ.പികളും അല്ലാത്തവരും ആയി തിരിച്ചതാണ് അപകടത്തിലേക്ക് വഴിവെച്ചതിനുള്ള ആരോപണവും ഒരു വഴിക്ക് പ്രചരിക്കുന്നുണ്ട്.
ഗംഗാ നദി കുറുകെ കടക്കുന്നതിന് സ്ഥാപിച്ച താല്‍ക്കാലിക പാലങ്ങള്‍ വലിയൊരു ശതമാനം വി.ഐ.പി തീര്‍ഥാടകര്‍ക്ക് മാത്രമായി ഒഴിച്ചിടുകയും പ്രധാന റോഡുകള്‍ അടക്കുകയും ചെയ്തതോടെ മറ്റു പാലങ്ങളിലും താരതമ്യേന ചെറിയ റോഡുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മൗനി അമാവാസി സ്‌നാന സമയമായതോടെ ജനക്കൂട്ടം ഈ പാലങ്ങളിലൂടെയും റോഡുകളിലൂടെയും ഇരച്ചെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു. ഔദ്യോഗിക സംവിധാനങ്ങള്‍ വി.ഐ.പികള്‍ക്ക് പിറകേ ആയതിനാല്‍ സാധാരണക്കാരായ ഭക്തജനങ്ങള്‍ക്ക് സൗകര്യമോ, സുരക്ഷയോ ഒരുക്കുന്നതിന് വേണ്ടത്ര ശ്രദ്ധ ഉണ്ടായതുമില്ല.
ദുരന്തത്തെ തുടര്‍ന്ന് വി.വി.ഐ.പി പാസുകള്‍ റദ്ദാക്കാനും വാഹന ഗതാഗതം നിയന്ത്രിക്കാനും കുടുതല്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിയോഗിക്കാനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയാറായത് പ്രശംസനീയമായ കാര്യമാണ്. എന്നാല്‍ നേരത്തെ അത് ഏര്‍പ്പെടുത്താതിരുന്നത് അധികൃതരുടെ വീഴ്ചയായും ഒരുകൂട്ടര്‍ വ്യാഖ്യാനിക്കുന്നു. ദുരന്തം കഴിഞ്ഞ് ദിവസം കഴിഞ്ഞിട്ടും ഇനിയും കൃത്യമായ ഔദ്യോഗിക സ്ഥിരീകരണം മരണം, പരിക്കേറ്റവര്‍, കാണാതായവര്‍ സംബന്ധിച്ച് ഉണ്ടായിട്ടില്ല. സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തി ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സ്ഥിരമായ സംവിധാനം ഉണ്ടാകുകയാണ് വേണ്ടതെന്നും സമൂഹമാധ്യമങ്ങളിലടക്കം ചൂണ്ടിക്കാട്ടുന്നു.