Views Politics

ഒടുവില്‍ പി.പി. ദിവ്യയെ പരസ്യമായി തള്ളിപ്പറഞ്ഞ് പിണറായി: കാഫിര്‍ വിവാദം തിരിച്ചടിച്ചു; ഏറ്റുപറച്ചിലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വേദിയായി കോഴിക്കോട് ജില്ലാ സമ്മേളനം

Axenews | ഒടുവില്‍ പി.പി. ദിവ്യയെ പരസ്യമായി തള്ളിപ്പറഞ്ഞ് പിണറായി: കാഫിര്‍ വിവാദം തിരിച്ചടിച്ചു; ഏറ്റുപറച്ചിലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വേദിയായി കോഴിക്കോട് ജില്ലാ സമ്മേളനം

by webdesk1 on | 31-01-2025 08:50:16

Share: Share on WhatsApp Visits: 60


ഒടുവില്‍ പി.പി. ദിവ്യയെ പരസ്യമായി തള്ളിപ്പറഞ്ഞ് പിണറായി: കാഫിര്‍ വിവാദം തിരിച്ചടിച്ചു; ഏറ്റുപറച്ചിലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വേദിയായി കോഴിക്കോട് ജില്ലാ സമ്മേളനം


വടകര: കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ക്കിടെ സി.പി.എമ്മുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെട്ട ജില്ലയാണ് കോഴിക്കോട്. സമീപകാലത്തേക്ക് മാത്രം പോയാല്‍ ലോകസഭാ തിരഞ്ഞെടുപ്പിലെ വര്‍ഗീയ പ്രചാരണങ്ങള്‍ തുടങ്ങി പി.പി. ദിവ്യയുടെ വിവാദ പ്രസംഗം വരെ സി.പി.എമ്മിന് ക്ഷതംമേല്‍പ്പിച്ച സംഭവങ്ങള്‍ ഒട്ടനവധിയാണ്. ഇങ്ങനെ അരഡെസനിലേറെ വിവാദങ്ങള്‍ വിമര്‍ശന വിധേയമായും താക്കീതുമൊക്കെയായി ചര്‍ച്ചാ വിഷമായ സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തെ രാഷ്ട്രീയ കേരളം ഗൗരവത്തിലാണ് നോക്കി കാണുന്നത്.

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യക്ക് വീഴ്ച പറ്റിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തുറന്നുപറച്ചില്‍ തന്നെയാണ് കോഴിക്കോട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് പുറത്തേക്ക് വരുന്ന വാര്‍ത്തികളില്‍ ഏറ്റവും ഞെട്ടലുണ്ടാക്കിയത്. മുഖ്യമന്ത്രിയുമായും കുടുംബവുമായും ഏറെ അടുപ്പമുള്ള ദിവ്യയെ ഈ നിലയില്‍ പിണറായി വിജയന്‍ തള്ളിപ്പറയുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല. മാത്രമല്ല വിവാദം കത്തിനില്‍ക്കുന്ന ഘട്ടത്തില്‍പ്പോലും ദിവ്യയെ നിശബ്ദമായി സംരക്ഷിക്കുന്ന സമീപനമാണ് പിണറായി വിജയന്റെ ഭാഗത്തുണ്ടായത്. പാര്‍ട്ടിയാകട്ടെ പരസ്യമായ സംരക്ഷണവും ദിവ്യയ്ക്കു നല്‍കിയിരുന്നു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ലെന്നും വിളിക്കാത്ത പരിപാടിക്ക് പോയി കാര്യങ്ങള്‍ പറഞ്ഞത് ശരിയായില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ കാര്യങ്ങള്‍ ചെയ്യേണ്ടതിന് പകരം ഒറ്റയ്ക്ക് ഇടപെടുന്ന രീതിയാണ് ഉണ്ടായത്. വിളിക്കാത്ത പരിപാടിക്ക് പോയി ഈ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത് ശരിയായില്ല. ഇതൊക്കെ പാര്‍ട്ടി അന്വേഷിച്ച് ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചതെന്നും ദിവ്യക്കെതിരായ നിയമ നടപടി ശരിയായ രീതിയില്‍ തന്നെയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോടെ മധ്യകേരളത്തിലെ പ്രത്യേകിച്ച് പത്തനംതിട്ടയിലെ സി.പി.എമ്മിലെ മുറുമുറക്കുകളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന രാഷ്ട്രീയ ഉദ്ദേശംകൂടിയുണ്ട്. നവീന്‍ ബാബുവിന്റെ മരണം പത്തനംതിട്ട സി.പി.എമ്മില്‍ വലിയ ചേരിതിരിവുകള്‍ക്ക് ഇടയാക്കിയിരുന്നു. സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ പരസ്യമായി ജില്ലാ പ്രസിഡന്റ് അടക്കം നിലപാട് സ്വീകരിക്കുന്ന നിലയുണ്ടായി. അണികള്‍ക്കിടയില്‍പ്പോലും പാര്‍ട്ടിക്കെതിരായ വികാരം പുകഞ്ഞ് പൊങ്ങിയിരുന്നു. ഇപ്പോള്‍ ദിവ്യയെ തള്ളിപ്പറയുന്നതിലൂടെ പത്തനംതിട്ടയിലെ സി.പി.എമ്മില്‍ എതിര്‍പ്പുകളെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

ജില്ലാ സമ്മേളനത്തില്‍ ഇ.പി. ജയരാജനെതിരെയും കടുത്ത വിമര്‍ശനമുണ്ടായി. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് ജയരാജന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഈ പ്രവൃത്തികള്‍ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. ഇ.പിക്ക് ഇത്തരം വീഴ്ചകള്‍ സംഭവിച്ചുവെന്ന് സമ്മതിച്ച മുഖ്യമന്ത്രി പാര്‍ട്ടി തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സമ്മേളനത്തില്‍ വ്യക്തമാക്കി.

മെക് വിഷയത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി നടത്തിയ പരാമര്‍ശവും വടകരയിലെ കാഫിര്‍ വിവാദവും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് മോശം പ്രതിച്ഛായയുണ്ടാക്കിയെന്നും വിമര്‍ശനം ഉണ്ടായി. സംഘടനാപരമായ വീഴ്ചകളും ഭരണത്തിലെ പോരായ്മകളുമെല്ലാം ചര്‍ച്ചയില്‍ വിമര്‍ശിക്കപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷംസി.പി.എമ്മിനെതിരേ രൂപപ്പെട്ടുവരുന്ന സംഘടിതമായ നീക്കത്തെ പ്രതിരോധിക്കാന്‍ പദ്ധതികള്‍ വേണമെന്നും പ്രതിനിധികള്‍ നിര്‍ദേശിച്ചു.

ലോക്‌സഭാതിരഞ്ഞെടുപ്പില്‍ വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ച് പരാമര്‍ശിക്കവേയാണ് വടകരയിലെ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിഷയം ചര്‍ച്ചയായത്. യു.ഡി.എഫിനെതിരേയുള്ള വിവാദം പിന്നീട് എല്‍.ഡി.എഫിനെതിരേ, പ്രത്യേകിച്ച് സി.പി.എമ്മിനെതിരേ, ആയുധമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടുവെന്നായിരുന്നു വിമര്‍ശനം. ഇത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അവമതിപ്പിനിടയാക്കിയെന്നും അഭിപ്രായമുയര്‍ന്നു.

ഇതിനുപിന്നാലെ മെക് വിഷയത്തില്‍ സി.പി.എം ജില്ലാസെക്രട്ടറി നടത്തിയ അഭിപ്രായവും പാര്‍ട്ടിക്കെതിരായി ചിലര്‍ ഉപയോഗിച്ചു. സെക്രട്ടറി ഇതില്‍ വ്യക്തത വരുത്തിയെങ്കിലും അനാവശ്യമായി സൃഷ്ടിക്കപ്പെട്ട വിവാദമായിരുന്നു ഇതെന്നായിരുന്നു വിമര്‍ശനം. കോഴിക്കോട്ടെ പി.എസ്.സി. കോഴവിവാദവും ചര്‍ച്ചയായി. കോഴവിവാദത്തില്‍ പാര്‍ട്ടി പുറത്താക്കിയ ഏരിയാകമ്മിറ്റി അംഗം നടത്തിയ വെളിപ്പെടുത്തലുകളാണ് ഉന്നയിക്കപ്പെട്ടത്.

കെ.കെ. രമയുടെ മകന്റെ വിവാഹത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പങ്കെടുത്തതിലും വിമര്‍ശനമുണ്ടായി. പാര്‍ട്ടിക്കുനേരേ തുറന്നയുദ്ധം നടത്തുന്ന രമയുടെ ക്ഷണപ്രകാരം സ്പീക്കര്‍ എത്തിയത് ഒഞ്ചിയത്തെയും വടകരയിലെയും സഖാക്കളെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ ഒന്നാണെന്നായിരുന്നു വിമര്‍ശനം. കേന്ദ്രം, കേരളത്തോട് കാണിക്കുന്ന അവഗണനയാണ് കേരളത്തിന്റെ പ്രധാനപ്രശ്നമെന്നും ഇത് കേരളത്തിലെ മാധ്യമങ്ങള്‍ വേണ്ടപോലെ ഉയര്‍ത്തിക്കൊണ്ടുവരുന്നില്ലെന്നും അഭിപ്രായമുയര്‍ന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment