Views Analysis

അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ നാട് കടത്തിയത് അഞ്ഞൂറിലേറെ കുടിയേറ്റക്കാരെ: വമ്പന്‍ സൈനീക ശക്തികളെ മുട്ടിക്കുത്തിക്കുന്ന അന്ത്യശാസനം; പുതിയൊരു സ്വേച്ഛാധിപതി പിറക്കുകയാണോ

Axenews | അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ നാട് കടത്തിയത് അഞ്ഞൂറിലേറെ കുടിയേറ്റക്കാരെ: വമ്പന്‍ സൈനീക ശക്തികളെ മുട്ടിക്കുത്തിക്കുന്ന അന്ത്യശാസനം; പുതിയൊരു സ്വേച്ഛാധിപതി പിറക്കുകയാണോ

by webdesk1 on | 25-01-2025 09:33:02 Last Updated by webdesk1

Share: Share on WhatsApp Visits: 57


അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ നാട് കടത്തിയത് അഞ്ഞൂറിലേറെ കുടിയേറ്റക്കാരെ: വമ്പന്‍ സൈനീക ശക്തികളെ മുട്ടിക്കുത്തിക്കുന്ന അന്ത്യശാസനം; പുതിയൊരു സ്വേച്ഛാധിപതി പിറക്കുകയാണോ


വാഷിങ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റായി രണ്ടാമതും ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ വലിയ മാറ്റങ്ങള്‍ക്കാകും ലോകം സാക്ഷിയാകുകയെന്ന് നേരത്തെ മുതല്‍ക്കേ നിരീക്ഷണമുണ്ടായിരുന്നു. അത് അക്ഷരംപ്രതി ശരിവയ്ക്കുന്ന സംഭവവികാസങ്ങളാണ് ജനുവരിന് 20-ാം തീയതിക്ക് ശേഷം ലോകത്തും പ്രത്യേകിച്ച് അമേരിക്കയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ആഭ്യന്തര പരിഷ്‌കാരങ്ങള്‍ക്ക് പുറമേ ലോകരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ വരെ നിര്‍ണായക ഇടപെടല്‍ ശക്തിയായി ട്രംപ് മാറിക്കഴിഞ്ഞു. മറുത്തൊരക്ഷരം പോലും പറയാന്‍ നില്‍ക്കാതെ ലോകം വിറപ്പിച്ച ഭരണാധികാരികള്‍ വിധേയത്വ ഭാവത്തോടെ എല്ലാം അനുസരിക്കുന്നതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ച.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അമേരിക്കയുടെ ശക്തി ക്ഷയിച്ചുതുടങ്ങിയെന്ന് വിലയിരുത്തുന്നവര്‍ക്ക് മുന്നില്‍ അങ്ങനെയല്ലയെന്ന് കാട്ടിക്കൊടുക്കുക കൂടിയാണ് ട്രംപ്. പ്രത്യേകിച്ച് അമേരിക്കയ്ക്ക് മുകളില്‍ സാമ്പത്തിക ശക്തിയായി വളര്‍ന്നുവരുന്ന ചൈനയെ. ഒന്നാം ട്രംപ് സര്‍ക്കാരിന്റെ ബാലാരിഷ്ടങ്ങളൊന്നും ഇന്നില്ല. തികഞ്ഞ ഭരണാധികാരിയായി ട്രംപ് രൂപാന്തരപ്പെട്ടിട്ടുണ്ട്. റഷ്യയെ പോലും തങ്ങളുടെ വരുതിക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് അതിന്റെ നേട്ടമാണ്. പിന്നെ അമേരിക്കയിലെ പ്രതിഷേധക്കാരുടെ കാര്യം പറയേണ്ടതുണ്ടോ. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ എങ്ങനെ അടിച്ചമര്‍ത്താമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അങ്ങനെ എല്ലാവിധത്തിലും ഒരു സ്വേച്ഛാധിപതിയുടെ രൂപാന്തരീകരണത്തിലേക്ക് ട്രംപ് പരിണിതപ്പെടുകയാണോയെന്ന ആശങ്കയും ലോകരാഷ്ട്രങ്ങള്‍ക്കുണ്ട്.  

അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചെത്തിയ ഡോണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസിലെ തന്റെ ആദ്യദിനം തന്നെ ഇറക്കിയത് 26 എക്‌സിക്യുട്ടിവ് ഉത്തരവുകളാണ്. കൂടാതെ, മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ 78 എക്‌സിക്യുട്ടിവ് ഉത്തരവുകള്‍ റദ്ദാക്കുകയും ചെയ്തു. വധശിക്ഷ, കുടിയേറ്റം, എല്‍.ജി.ബി.ടി.ക്യൂ അവകാശങ്ങള്‍, ഫെഡറല്‍ തൊഴിലാളികള്‍, കാലാവസ്ഥ മാറ്റം, മരുന്ന് വില എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ ഉത്തരവുകളും നയംമാറ്റവും. പക്ഷെ ഇവയില്‍ ഒന്നു പോലും സാധന വില കുറക്കാനോ അമേരിക്കക്കാരുടെ ജീവന്‍ മെച്ചപ്പെടുത്താനോ സഹായിക്കുന്നവ ആയിരുന്നില്ല.

ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതിലും ഭരണഘടനാവകാശങ്ങളെ കടന്നാക്രമിക്കുന്നിലും ഭീതിയും ക്രൂരതയും അങ്കലാപ്പുകളും പടര്‍ത്തുന്നതിലുമാണ് ട്രംപിന്റെ നീക്കമെന്ന് പോപ്പുലര്‍ ഡെമോക്രസി കൂട്ടായ്മ പിറ്റേന്ന് തന്നെ പത്രപ്രസ്താവനയിറക്കി. കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള എക്‌സിക്യുട്ടിവ് ഉത്തരവുകള്‍ സൈനിക അധികാരം ദുരുപയോഗം ചെയ്യുകയും സമൂഹിക തകര്‍ച്ച ഇരട്ടിപ്പിക്കുകയും ചെയ്യുന്നതാണ്. ജീവിക്കാനും ജനാധിപത്യ പങ്കാളിത്തത്തിനും തുല്യപരിരക്ഷയും പൗരത്വവും ഉറപ്പാക്കുന്ന 14ാം ഭേദഗതിയെയാണ് ട്രംപ് ഉന്നമിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 538 കുടിയേറ്റക്കാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തു നീക്കി. സൈനീക നടപടികളിലൂടെയാണ് ഇവരെ നാടുകടത്തുന്നത്. ഈ നടപടികള്‍ തുടര്‍ന്നുവരികെയുമാണ്. അറസ്റ്റ് ഭീഷണിയുള്ളതിനാല്‍ കാലിഫോര്‍ണിയ, ഷിക്കാഗോ തുടങ്ങിയ സംസ്ഥാനങ്ങളിലെ അനധികൃത കുടിയേറ്റക്കാരില്‍ പലരും കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്കെത്തിയില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കയില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ വലിയ വിഭാഗവും അനധികൃത കുടിയേറ്റക്കാരാണ്.

അമേരിക്കയില്‍ ജനിച്ച ആളുകള്‍ക്ക് ഈ രാജ്യത്തെ പൗരര്‍ എന്ന നിലയിലെ പൂര്‍ണ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതാണ് ട്രംപിന്റെ നടപടിയെന്ന് വിമര്‍ശനം. ഉത്തരവിനെതിരെ നിയമപോരാട്ടത്തിനിറങ്ങുമെന്നും പോപ്പുലര്‍ ഡെമോക്രസി എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ആന്റണി റൊമേറോ പറഞ്ഞു. തെരുവുകളില്‍ സൈന്യത്തെ വിന്യസിക്കുന്ന തീരുമാനം ട്രംപിന്റെ സ്വേച്ഛാധിപത്യ സ്വഭാവമാണെന്ന് ആരോപിച്ച് അമേരിക്കാസ് വോയ്‌സ് കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്. ജന്മാവകാശ പൗരത്വത്തിനെതിരായ കടന്നാക്രമണവും എമിഗ്രേഷന്‍ സംവിധാനത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുന്ന നയങ്ങളുമെല്ലാം ഇതു രാജ്യത്തെ പിന്നോട്ടടിപ്പിക്കാനേ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

രണ്ടു ലിംഗങ്ങളെ മാത്രം അംഗീകരിക്കുക എന്ന ട്രംപിന്റെ നയം ട്രാന്‍സ് ജനതക്കും ലിംഗ ബൈനറിക്ക് പുറത്തുള്ള ഏതൊരു വ്യക്തിക്കുമെതിരായ യുദ്ധമാണെന്ന് ട്രാന്‍സ് ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നു. ഇതിനെയൊരു രാഷ്ട്രീയ നാടകമായി കാണാനാകില്ലെന്നും ട്രാന്‍സ്‌ജെന്‍ഡറുകളെ ഉന്നമിട്ട് നടക്കാന്‍ പോകുന്ന സ്വേച്ഛാധിപത്യ ഇടപെടലിന്റെ തുടക്കമാണിതെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. വംശഹത്യക്കുള്ള അപകടകരമായ സാധ്യതയും തള്ളിക്കളയാനാകില്ലെന്ന മറ്റൊരു വിമര്‍ശനവും ട്രംപിനെതിരെ ഉയരുന്നുണ്ട്. ശതകോടീശ്വരനും ട്രംപിന്റെ പ്രധാന കൂട്ടാളിയുമായ ഇലോണ്‍ മസ്‌ക് സ്ഥാനാരോഹണ വേദിയില്‍ വെച്ച് രണ്ടു തവണ നാസി സല്യൂട്ട് കണക്കെ കൈ ഉയര്‍ത്തിയത് ഇതിന്റെ സൂചനയായി വിലയിരുത്തുന്നവരും കുറവല്ല.

2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് തന്റെ ആഹ്വാനപ്രകാരം 2021 ജനുവരി ആറിന് യു.എസ് കാപിറ്റല്‍ ആക്രമിച്ച 1500ല്‍ അധികം പേര്‍ക്ക് മാപ്പ് നല്‍കാനുള്ള ട്രംപിന്റെ തീരുമാനവും സമാനമായ മുന്നറിയിപ്പാണുയര്‍ത്തുന്നത്. സമാധാനപരമായ അധികാര കൈമാറ്റം അട്ടിമറിക്കാന്‍ ശ്രമിച്ച വ്യക്തികള്‍ക്ക് മാപ്പ് നല്‍കുന്നതിലൂടെ, രാഷ്ട്രീയ അതിക്രമം നടത്തലും ജനാധിപത്യ മാനദണ്ഡങ്ങള്‍ നിരസിക്കലും തന്റെ സ്വേച്ഛാധിപത്യ അജണ്ടക്ക് സ്വീകാര്യമായ മാര്‍ഗങ്ങളാണെന്ന് ട്രംപ് സൂചിപ്പിക്കുകയാണെന്ന് ഔര്‍ റെവലൂഷന്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ജോസഫ് ഗീവര്‍ഗീസ് പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment