by webdesk1 on | 23-01-2025 07:46:27
പാലക്കാട്: തങ്ങള്‍ തിരുമാനിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ എന്ത് വിചിത്ര ന്യായവും പറയുമെന്ന സി.പി.എം നേതാക്കളുടെ പതിവ് ശൈലി ആവര്‍ത്തിച്ചിരിക്കുകയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി വിഷയത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെ പദ്ധതി നാടിന് ഗുണം ചെയ്യുന്നതാണെന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.
മദ്യനിര്‍മാണ ശാലകള്‍ നാട്ടില്‍ വികസനം കൊണ്ടുവരുമെന്നാണ് സി.പി.എം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞത്. ഒട്ടേറെ പേര്‍ക്ക് തൊഴിലവസരം ലഭിക്കും എന്നതിനപ്പുറം എന്ത് വികസനമാണ് നാടിനുണ്ടാകുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നുമില്ല. മദ്യം വ്യക്തികളേയും പൊതുസമൂഹത്തേയും നശിപ്പിക്കുമെന്ന് കാലാകാലങ്ങളായി കേട്ടുവന്ന പൊതു കണ്‍സപ്ടിനെ ഒറ്റവാക്കില്‍ ഇല്ലാതാക്കുകകൂടിയായിരുന്നു ഗോവിന്ദന്‍.
എലപ്പള്ളിയിലെ മദ്യനിര്‍മാണശാലയില്‍ നിന്നും പിന്നോട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കുടിവെള്ളം മുട്ടുമെന്നത് കള്ള പ്രചാരവേലയാണ്. ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ആശങ്കയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും പ്രതിനിധി സമ്മേളനത്തിലെ മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.