by webdesk1 on | 22-01-2025 12:42:50 Last Updated by webdesk1
കൊച്ചി: നിയമസഭയ്ക്കുള്ളില്‍ പോലും സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കലാ രാജു വിവാദത്തില്‍ സി.പി.എമ്മിനു പിടിവള്ളിയായി ഏരിയ കമ്മിറ്റി ഓഫീസിലെ വീഡിയോ ദൃശ്യം. തന്നെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി പാര്‍ട്ടി ഓഫീസില്‍ കൊണ്ടുപോയി മനസികമായി പീഡിപ്പിച്ചെന്ന കലാ രാജുവിന്റെ ആരോപണത്തെ തീര്‍ത്തും ഇല്ലാതാക്കാന്‍ കഴിയുന്നതാണ് ഇന്ന് രാവിലെ മുതല്‍ സി.പി.എം ഔദ്യോഗിക പേജുകളിലും സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളിലുമായി വ്യാപകമായി പ്രചരിക്കുന്ന വീഡിയോ. എന്നാല്‍ സംഭവം നടന്ന ഇത്ര ദിവസമായിട്ടും നിര്‍ണായകമായ ഈ വീഡിയോ എന്തുകൊണ്ടാണ് നേരത്തെ പുറത്തുവിടാതിരുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് കൂത്താട്ടുകുളം നഗരസഭാ എല്‍.ഡി.എഫ് കൗണ്‍സിലറായ കലാ രാജുവിനെ സി.പി.എം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോയി എന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ചെയര്‍പേഴ്‌സണെതിരെയുള്ള അവിശ്വാസത്തില്‍ യു.ഡി.എഫിനു പിന്തുണ നല്‍കുന്നുവെന്ന സംശയത്തിന്റെ പുറത്തായിരുന്നു പോലീസിന്റെ ശക്തമായ വലയം ഭേദിച്ച് കലാ രാജുവിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സി.പി.എം ഏരിയാ കമ്മിറ്റി പ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍ബന്ധിച്ച് കാറില്‍ കയറ്റിക്കൊണ്ട് പോയത്.
ഇതിന്റെ ദൃശ്യങ്ങളടക്കം തെളിവായി കാട്ടി മാധ്യമങ്ങളിലും പൊതുസമൂഹത്തിലും സി.പി.എമ്മിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ചര്‍ച്ചകളും ഉണ്ടായി. കോണ്‍ഗ്രസ് പ്രദേശത്ത് പ്രതിഷേധ മാര്‍ച്ചുകളും ഉപരോധങ്ങളും നടത്തി. കഴിഞ്ഞ ദിവസം നിയമസഭയിലും വിഷയം ഉന്നയിച്ചുകൊണ്ട് സി.പി.എമ്മിനേയും സര്‍ക്കാരിനേയും പ്രതിപക്ഷം പ്രതിരോധത്തിലാക്കി. ഈ ഘട്ടത്തിലൊന്നും പ്രചരിപ്പിക്കാതിരുന്ന വീഡിയോയാണ് ഇന്ന് രാവിലെ സി.പി.എം തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നതിന്റെ ഭാഗമായി പുറത്തുവിട്ടത്.
യു.ഡി.എഫ് സഹായം വാഗ്ദാനം ചെയ്‌തെന്ന കലാ രാജുവിന്റെ വെളിപ്പെടുത്തലാണ് സി.പി.എം പുറത്തുവിട്ട വീഡിയോ ദൃശ്യത്തിലുള്ളത്. ഏരിയാ കമ്മറ്റി ഓഫീസില്‍ ഇവര്‍ കസേരയില്‍ ഇരിക്കുന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താമെന്ന് യു.ഡി.എഫ് ഉറപ്പുനല്‍കിയതായി കലാ രാജു വീഡിയോയില്‍ പറയുന്നുണ്ട്. പ്രതിസന്ധിഘട്ടത്തില്‍ സി.പി.എം കൂടെ നിന്നില്ലെന്നും സാമ്പത്തിക ബാധ്യത അന്വേഷിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായും കലാ വീഡിയോയില്‍ പറയുന്നു.
യുഡിഎഫ് കുതിരക്കച്ചവടത്തിനുള്ള ശ്രമം നടത്തിയെന്നാണ് സി.പി.എന്റെ ആരോപണം. കൂറുമാറ്റത്തിന്റെ തെളിവുകള്‍ പുറത്തുവിടുമെന്ന് സി.പി.എം മുമ്പ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടത്. അതേസമയം ദൃശ്യങ്ങള്‍ പകര്‍ത്തിയത് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കലാ രാജു പ്രതികരിച്ചു.
തട്ടിക്കൊണ്ടു പോകല്‍ കേസില്‍ പ്രതിരോധത്തിലായ പാര്‍ട്ടി കൂടുതല്‍ നടപടികളിലേക്ക് കടക്കുകയാണ്. കൂത്താട്ടുകുളത്തെ എല്ലാവീടുകളിലും കയറി കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പറഞ്ഞു. പ്രതിഷേധത്തിനിടെ പോലീസിനെ ആക്രമിച്ച കേസില്‍ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ പ്രതിചേര്‍ത്തു.