by webdesk1 on | 22-01-2025 08:45:33 Last Updated by webdesk1
കൊച്ചി: ഇടതുമുന്നണി വിട്ടതോടെ മുന്‍ എം.എല്‍.എ പി.വി. അന്‍വറിന് ഇപ്പോള്‍ ശനിദശയാണ്. ഒന്നിനു പുറകെ ഒന്നായി കേസുകളുടെ നടപടികളും. അടുത്തിടെ വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പോലീസ് അന്‍വറിനെ അറസ്്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ എം.എല്‍.എ സ്ഥാനം രാജിവച്ച് തൃണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇപ്പോഴിതാ അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന പരാതിയില്‍ അന്‍വറിനെതിരെ വിജിലന്‍സും കേസെടുത്തിരിക്കുകയാണ്.
ആലുവയില്‍ അനധികൃതമായി 11 ഏക്കര്‍ ഭൂമിയുടെ പോക്കുവരവ് നടത്തി സ്വന്തമാക്കി എന്ന പരാതിയിലാണ് നടപടി. അന്‍വര്‍ ഇടതുപക്ഷത്തിന്റെ എം.എല്‍.എ ആയിരിക്കെ നടന്ന സംഭവമാണിത്. നേരത്തെ പരാതി ലഭിച്ചിരുന്നുവെങ്കിലും വിജിലന്‍സ് അത് കാര്യമാക്കിയില്ല. ഇപ്പോള്‍ സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞതോടെ പരാതി പൊടിതട്ടിയെടുത്ത് നടപടി ആരംഭിച്ചിരിക്കുകയാണ്.
പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്നായിരുന്നു കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രന്റെ പരാതി. അന്വേഷണത്തിന് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി നല്‍കിയ ഉത്തരവ് തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിന് കൈമാറിയിട്ടുണ്ട്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
പരാതിയില്‍ വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ അന്‍വറിനെതിരായ പോര്‍മുഖം ഒന്നുകൂടി തുറക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എം.എല്‍.എ പദവി ഇല്ലാത്തതിനാല്‍ തന്നെ ഇനി അന്‍വറിനെതിരായ നിയമ നടപടികള്‍ കൂടുതല്‍ എളുപ്പമാവും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
അടുത്തിടെ നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരണപ്പെട്ടതോടെ അന്‍വറും അനുയായികളും ചേര്‍ന്ന് വനംവകുപ്പ് ഓഫീസ് അടിച്ചുതകര്‍ത്തത് വിവാദമായിരുന്നു. സംഭവത്തില്‍ അന്‍വറിനെതിരെയും സഹായികള്‍ക്ക് എതിരെയും പോലീസ് കേസെടുത്തിരുന്നു. പിന്നാലെ അന്ന് രാത്രി തന്നെ നാടകീയമായ അന്‍വറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഏറെ വിവാദമായിരുന്നു ഈ സംഭവം. ഒരു സിറ്റിങ് എം.എല്‍.എയെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോവുന്നത് കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമായിരുന്നു. അതിന് പിന്നാലെയാണ് അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണവും വരുന്നത്. ഇതോടെ അന്‍വറിനെ പൂട്ടാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്.