News Kerala

ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍: വിധികേള്‍ക്കുമ്പോഴും മുഖത്ത് ഭാവവ്യത്യാസമില്ലാതെ ഗ്രീഷ്മ; കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍

Axenews | ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍: വിധികേള്‍ക്കുമ്പോഴും മുഖത്ത് ഭാവവ്യത്യാസമില്ലാതെ ഗ്രീഷ്മ; കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍

by webdesk1 on | 20-01-2025 10:45:17 Last Updated by webdesk1

Share: Share on WhatsApp Visits: 61


ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍: വിധികേള്‍ക്കുമ്പോഴും മുഖത്ത് ഭാവവ്യത്യാസമില്ലാതെ ഗ്രീഷ്മ; കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍


തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്തിയ കോടതി പരമാവധി ശിക്ഷയ്ക്ക് പ്രതി അര്‍ഹയാണെന്ന് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ട് പോകലിന് 10 വര്‍ഷവും അന്വേണം തിരിച്ചുവിട്ടതിന് അഞ്ച് വര്‍ഷവും കോടതി ശിക്ഷ വിധിച്ചു.  


ഇത്ര നിഷ്ഠൂരമായ കൊലപാതകത്തിന് ശിക്ഷയിളവ് ഒരു വിധിന്യായത്തിലും പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഷാരോണിന്റെ മരണമൊഴിയില്‍ ഗ്രീഷ്്മയ്‌ക്കെതിരെ പരാതി ഉണ്ടായിരുന്നില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല. ഷാരോണിന് പരാതി ഉണ്ടോ എന്ന കാര്യം ഇവിടെ പ്രസക്തമല്ലെന്ന് കോടതി പറഞ്ഞു. 


പഠനത്തില്‍ സമര്‍ത്ഥയാണ് എന്നത് ശിക്ഷായിളവിന് കാരണമല്ല. സമര്‍ത്ഥമായി തന്നെയാണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്. ഒരേ സമയം രണ്ടുപേരോട് അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് പ്രതി. നാടകീയമായിരുന്നു ഷാരോണുമായുള്ള ബന്ധമെന്നും വിധിന്യായത്തില്‍ പറയുന്നു. പ്രോസിക്യൂഷന്‍ നടത്തിയ വാദങ്ങളെല്ലാം അംഗീകരിച്ചായിരുന്നു കോടതിയുടെ വിധി. സാഹചര്യത്തെളിവുകളും മൊഴികളും കോര്‍ത്തിണക്കി മികച്ച നിലയിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതില്‍ പോലീസിനെ അഭിന്ദിക്കുന്നതായും 586 പേജുള്ള വിധിന്യായത്തില്‍ പറയുന്നു.


പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.


പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. ഇനിയും പഠിക്കണം. 24 വയസ്സേ പ്രായമുള്ളൂ. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. 


ഒരു ചെറുപ്പക്കാരനെ അല്ല, സ്‌നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്ക് ചെകുത്താന്റെ സ്വഭാവമാണ്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതിന് ശ്രമിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം. 11 ദിവസത്തോളം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. കൊലപാതകം അവിചാരിതമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.



2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. സുഹൃത്ത് റെജിനൊപ്പം ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തി. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. 


ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ ഒക്ടോബര്‍ 25നാണ് ഷാരോണ്‍രാജ് മരിച്ചത്. 


കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പരിചയപ്പെടുന്നത്. 2021 ഒക്ടോബര്‍ മുതലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2022 മാര്‍ച്ച് നാലിന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ കല്യാണം ഉറപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു.


വിവാഹം ഉറപ്പിച്ചതിന് ശേഷം ഷാരോണിന്റെ വീട്ടില്‍വെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍, പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെ ബന്ധം ഉപേക്ഷിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. പക്ഷേ, വിട്ടുപോകാന്‍ ഷാരോണിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. 


പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്.സി റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment