by webdesk1 on | 17-01-2025 10:00:49
ന്യൂഡല്‍ഹി: ഇസ്ലാം തീവ്രവാദ ആശയം പേറുന്ന സംഘടനയുമായുള്ള ഇന്ത്യയുടെ പുതിയ ബന്ധത്തില്‍ പലയിടങ്ങളിലും അതൃപ്തി പുകയുകയാണ്. ഇതിനിടെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ താലിബാന്‍ പ്രതിനിധികളെ നേരില്‍ കണ്ട് ബന്ധം ഊഷ്മളമാക്കിയത് പ്രതിപക്ഷ പാര്‍ട്ടികളെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. പക്ഷെ വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് തന്നെയാണ് കടുത്ത ഇസ്ലാം തീവ്ര ആശയം പേറുന്ന സംഘടനയുമായുള്ള ചങ്ങാത്തതിന് കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞിരിക്കുന്നത്. ആ ലക്ഷ്യം മറ്റൊന്നുമല്ല, പാക്കിസ്താന്റെ പതനമാണ്.
2021 ല്‍ താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുക്കുമ്പോള്‍ ഏറ്റവും സന്തോഷിച്ചത് പാകിസ്താനായിരുന്നു. ഇന്ത്യക്കത് ആശങ്കയുടെ നിമിഷങ്ങളായിരുന്നു. താലിബാന്‍ ആദ്യഭരണകാലത്തെ ഇന്ത്യാവിരുദ്ധമായ നിലപാടുകള്‍ ആവര്‍ത്തിക്കുമോയെന്നതായിരുന്നു ഇന്ത്യയുടെ ഭയം. കാരണം പാക്കിസ്താനുമായി താലിബാന്‍ അന്ന് നല്ല ബന്ധത്തിലുമായിരുന്നു. പക്ഷേ, ഇന്ത്യ ആശങ്കപ്പെട്ടതുപോലെ ഉണ്ടായില്ലെന്ന് മാത്രമല്ല ഇന്ത്യയുമായുള്ള വ്യാപര, നയതന്ത്രബന്ധം പഴയപോലെ തുടരുകയും ചെയ്തു.
ഇതിനിടെ പാക്കിസ്താനുമായി താലിബാന്‍ തെറ്റിയത് ഇന്ത്യ അവസരമായി കണ്ടു. പിന്നീടുണ്ടായത് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ളതുപോലെയുള്ള നയതന്ത്ര ഇടപെടലുകളായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടലുകള്‍ താലിബാനുമായുള്ള ഇന്ത്യയുടെ ബന്ധം ഊഷ്മളമാക്കി. ഇന്ത്യയുടെ വിദേശ സെക്രട്ടറി വിക്രം മിസ്രി താലിബാന്റെ ആക്ടിങ് വിദേശമന്ത്രി ആമിര്‍ഖാന്‍ മുത്താഖിയുമായി ദുബായില്‍ കൂടിക്കാഴ്ച നടത്തിയത് ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. അതും മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം.
മിസ്രിയുടെ കൂടിക്കാഴ്ചയ്ക്ക് രണ്ടുദിവസം മുമ്പ് പാകിസ്താന്‍ അഫ്ഗാനിസ്താനില്‍ നടത്തിയ വ്യോമാക്രമണത്തെ ഇന്ത്യ പരസ്യമായി അപലപിച്ചിരുന്നു. അഫ്ഗാനിലെ പക്തിക പ്രവിശ്യയില്‍ ഡിസംബര്‍ 24-ന് നടന്ന ആക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും അടക്കമുള്ള സിവിലിയന്‍മാരായിരുന്നു. രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ഇത്ര പരസ്യമായി ഇന്ത്യ അഭിപ്രായപ്രകടനം നടത്തുന്നത് തന്നെ അപൂര്‍വമായിരുന്നു. മാത്രമല്ല അഫ്ഗാനിസ്താനില്‍ വികസന പദ്ധതികള്‍ നടപ്പാക്കാനും വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഇന്ത്യ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ അടക്കമുള്ള വിദേശരാഷ്ട്രങ്ങളൊന്നും താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എങ്കിലും താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തി ഒരു വര്‍ഷം ആകുന്നതിനുമുമ്പ് തന്നെ 2022 ജൂണില്‍ ഇന്ത്യ കാബൂളില്‍ എംബസി ആരംഭിച്ചിരുന്നു. കുറെ സാങ്കേതിക വിദഗ്ധരെ മിഷന്‍ നടത്താന്‍ അയക്കുകയും ചെയ്തു. 2003 ല്‍ ഡല്‍ഹിയിലെ അഫ്ഗാനിസ്ഥാന്റെ എംബസി അടച്ചിരുന്നെങ്കിലും പുതിയ ചങ്ങാത്തത്തിന്റെ ഭാഗമായി മുംബൈയില്‍ താലിബാന്‍ ഒരു കോണ്‍സലിനെ നിയോഗിച്ചു. ഇതിലൂടെയെല്ലാം ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത് താലിബാനിലൂടെ പാക്കിസ്താന്റെ തകര്‍ച്ച പൂര്‍ണമാക്കാനാണ്.