by webdesk1 on | 16-01-2025 01:34:49 Last Updated by webdesk1
മുംബൈ: കോടികള്‍ വിലയുള്ള ആഡംബര കൊട്ടാരം. സുരക്ഷയ്ക്ക് അത്യാധുനിക സംവിധാനങ്ങള്‍. ചുറ്റും സെക്യൂരിറ്റിക്ക് ബോഡിഗാര്‍ഡ്‌സ്. എന്നിട്ടും സ്വന്തം വീട്ടിലെ മുറിക്കുള്ളില്‍ കളളന്‍ കടന്നുകയറി സെയ്ഫ് അലി ഖാന് നേരെ ആക്രമണം ഉണ്ടായത് എങ്ങനെയെന്ന അന്വേഷണത്തിലാണ് പോലീസ്.
ആരെങ്കിലും വീട് തുറന്ന് കൊടുക്കാതെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ആര്‍ക്കും വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. ജോലിക്കാര്‍ ആരെങ്കിലുമാകാം ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. വീടിനുള്ളിലും പുറത്തുമുള്ള നാല് ജോലിക്കാരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരിക്കുകയാണ് മുംബൈ പോലീസ്.
സെലിബ്രിറ്റികളുടെ കേന്ദ്രമായ ബാന്ദ്രയിലാണ് സെയ്ഫും കുടുംബവും താമസിക്കുന്നത്. പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്. മക്കള്‍ ഉറങ്ങിയിരുന്ന മുറിയിലാണ് മോഷ്ടാവ് കടന്നുകയറിയത്. മോഷ്ടാവിനെ നേരിടുന്നതിനിടെയാണ് സെയ്ഫിന് കുത്തേറ്റത്. മോഷ്ടാവ് അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സെയ്ഫിനെ ആശുപത്രിയിലെത്തിക്കുന്നത്. സംഭവ സമയം ഭാര്യ കരീന കപൂര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.
ശരീരമാസകലം ആറ് കുത്താണ് ഏറ്റെടുത്ത്. ഇതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതുമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെയ്ഫിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇപ്പോള്‍ അപകട നില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുന്‍പും സെയ്ഫ് അലിഖാന്റെ വീട്ടില്‍ മോഷണ ശ്രമം ഉണ്ടായിരുന്നു. അന്ന് 26 വര്‍ഷം പഴക്കമുള്ള അമൂല്യമായ റോളക്സ് വാച്ചാണ് മോഷ്ടിക്കപ്പെട്ടത്.
കോടികള്‍ മൂല്യമുള്ള ബാന്ദ്രയിലെ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലായിരുന്നു സെയ്ഫും കരീന കപൂറും ഒരു പതിറ്റാണ്ടിലേറെ താമസിച്ചിരുന്നത്. പിന്നീട് മുംബൈയിലെ സത്ഗുരു ശരണിലെ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കി. ദര്‍ശിനി ഷാ രൂപകല്‍പ്പന ചെയ്ത ഈ വീടിന്റെ മൂല്യം 55 കോടി രൂപയാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. വിശാലമായ ലൈബ്രറി, പുരാതന അലങ്കാര വസ്തുക്കള്‍, മോഡേണ്‍ ഫര്‍ണിച്ചറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ വീട്. ഇത് കൂടാതെ താരദമ്പതികള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജിസ്റ്റാഡില്‍ 33 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ഭവനവും ഉണ്ട്.
സിനിമയും അതിനോട് അനുബന്ധിച്ചുള്ള ബിസിനസുമാണ് സെയ്ഫ് അലി ഖാന്റെ വരുമാന മാര്‍ഗം. അദ്ദേഹം ഒരു സിനിമയ്ക്ക് 10-15 കോടി രൂപ വരെയാണ് ഈടാക്കുന്നത്. ബ്രാന്‍ഡ് സഹകരണങ്ങള്‍ക്കായി ഒന്ന് മുതല്‍ അഞ്ച് കോടി രൂപ വരേയും സമ്പാദിക്കുന്നു. ഇത് കൂടാതെ പട്ടൗഡി കുടുംബത്തിന്റെ പാരമ്പര്യ സ്വത്തുക്കളില്‍ പലതിന്റേയും ഉടമസ്ഥാവകാശവും സെയ്ഫിനാണ്.
ബോളിവുഡില്‍ വളരെ പെട്ടെന്ന് തന്നെ മുന്‍നിര നടന്‍മാരുടെ പട്ടികയില്‍ സ്ഥാനം കണ്ടെത്തിയ താരമാണ് സെയ്ഫ് അലി ഖാന്‍. നടി ഷര്‍മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്റെയും മകനായ സെയ്ഫ് അലി ഖാന്‍ ചെറുപ്പം മുതലെ സെലിബ്രിറ്റി സ്റ്റാറ്റസ് അനുഭവിച്ചാണ് വളര്‍ന്നത്. പിന്നീട് സ്വന്തം പേരിലും താരം അറിയപ്പെടാന്‍ തുടങ്ങി. സെയ്ഫ് അലിഖാനുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്.