by webdesk1 on | 16-01-2025 12:58:22
ബെംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് കരുത്തേകി, ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തു വച്ചു കൂട്ടിയോജിപ്പിക്കുന്ന സ്‌പേസ് ഡോക്കിങ് പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ച് ഐ.എസ്.ആര്‍.ഒ. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. നേരത്തെ റഷ്യ, അമേരിക്ക, ചൈന എന്നീ രാഷ്ട്രങ്ങള്‍ മാത്രമാണ് ഈ സാങ്കേതികവിദ്യ വിജയകരമായി പൂര്‍ത്തിയാക്കിയത്.
സ്വന്തമായി സ്‌പേസ് സ്റ്റേഷന്‍ അടക്കമുള്ള ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളിലേക്കുള്ള പ്രധാന ചുവടുവെപ്പുകളില്‍ ഒന്നാണ് സ്‌പേഡെക്‌സ്. ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്ഡിഎക്-01) ടാര്‍ഗറ്റുമാണ് കൂട്ടിച്ചേര്‍ത്തത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.
പി.എസ്.എല്‍.വി റോക്കറ്റില്‍ ഡിസംബര്‍ 30 നാണ് 2 ഉപഗ്രഹങ്ങളും ഭൂമിയില്‍ നിന്നും വിക്ഷേപിച്ചത്. ചേസര്‍ അഥവാ എസ്.ഡി.എക്‌സ്-1 ന് 220 കിലോഗ്രാം ഭാരമാണുള്ളത്. ജനുവരി ആറിന് ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഐ.എസ്.ആര്‍.ഒ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പരീക്ഷണം ജനുവരി ഒന്‍പതിലേക്ക് മാറ്റിവെച്ചു. അന്ന് ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരാനായെങ്കിലും ഇതിന് ഇടയില്‍ വീണ്ടും സാങ്കേതിക പ്രശ്‌നമുണ്ടായി. ഇതോടെ വീണ്ടും പരീക്ഷണം മാറ്റിവെച്ചു.
ജനുവരി പതിനൊന്നിന് അതീവ കരുതലോടെയായിരുന്നു മൂന്നാം തവണത്തെ പരിശ്രമത്തിന് ഐ.എസ്.ആര്‍.ഒ കാര്യങ്ങള്‍ നീക്കിയത്. 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും 3 മീറ്ററിലേക്കും ഉപഗ്രഹങ്ങളെ കൊണ്ടുവരാനായി. എന്നാല്‍ ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലങ്ങളിലേക് മാറ്റി. ഒടുവില്‍ വ്യാഴാഴ്ച്ച രാവിലെയോടെ സ്‌പേഡെക്‌സ് സ്‌പേസ് ഡോക്കിംഗ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഐ.എസ്.ആര്‍.ഒ ചരിത്ര നേട്ടം കൊയ്തു.