by webdesk1 on | 13-01-2025 10:05:43
കൊച്ചി: ഏറെ നാള്‍ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വിയര്‍പ്പൊഴുക്കി കളിച്ചതായി തോന്നിയ മത്സരമാണ് സ്വന്തം തട്ടകത്തില്‍ തിങ്കളാഴ്ച നടന്ന ഒഡിഷ എഫ്‌സിക്കെതിരായ മത്സരം. പുതുവര്‍ഷത്തെ ആദ്യം വിജയം തേടി കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ശുഷ്‌കമായ കാണികള്‍ക്ക് മുന്നില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് സ്വന്തം മൈതാനത്ത് തകര്‍പ്പന്‍ ജയത്തോടെ ഇനി തലയുയര്‍ത്തി നടക്കാം. പിന്നില്‍ ധൈര്യത്തിന് പുതിയ കോച്ചിന്റെ പുത്തന്‍ തന്ത്രങ്ങളുമുണ്ട്.
ആദ്യ മിനിറ്റുകളിലെ തിരിച്ചടിക്ക് ശേഷം വലിയ തിരിച്ചുവരവാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. മത്സരം എതുവിധേയനേയും ജയിക്കണമെന്ന വാശിയുണ്ടായിരുന്നു. എന്നാല്‍ ഫൈനല്‍ തേര്‍ഡിലെ പിഴവുകള്‍ അവസരങ്ങള്‍ കളഞ്ഞുകുളിച്ചു. മികച്ച മുന്നേറ്റങ്ങളുമായി എതിര്‍പാളയത്തിലേക്ക് നിരന്തരം അക്രമണം നടത്തുന്നുണ്ടായിരുന്നെങ്കിലും ഫിനിഷ് ചെയ്യാന്‍ വിഷമിക്കുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് പെനാല്‍റ്റി ബോക്‌സിനുള്ളില്‍ കണ്ടത്.
രണ്ടാംപാതിയില്‍ ആ പ്രശ്‌നവും പരിഹരിക്കപ്പെട്ടതോടെ എതിരാളികളുടെ വലയിലേക്ക് പിന്നെ ഗോള്‍മഴയായിരുന്നു. 60-ാം മിനിറ്റിലാണ് ക്വാമി പെപ്രയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് മറുപടി ഗോള്‍ നേടുന്നത്. 73-ാം മിനിറ്റില്‍ ജീസസ് ജിമിനസിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. എന്നാല്‍ അധികം വൈകാതെ 80-ാം മിനിറ്റില്‍ ഒഡീഷ തിരിച്ചടിച്ചു. സ്‌ട്രൈക്കര്‍ ഡോറി ഗോമസാണ് ഒഡീഷക്കുവേണ്ടി രണ്ടാം ഗോള്‍ നേടിയത്.
മൂന്ന് മിനിറ്റിനകം സെന്റര്‍ ബാക്ക് കാല്‍ലോസ് ഡെല്‍ഗാഡോ ചുവപ്പ് കാര്‍ഡ് കണ്ടുപോയതോടെ ഒഡിഷ പത്ത് പേരായി ചുരുങ്ങി. ഒഡിഷന്‍ ഗോള്‍മുഖത്ത് നിരന്തരം പ്രഹരിച്ച ബ്ലാസ്റ്റേഴ്‌സിനെ തേടി നിശ്ചിത സമയം കടന്ന് 95-ാം മിനിറ്റില്‍ വിജയഗോളെത്തി. നോഹ സദോയിയുടെ തകര്‍പ്പന്‍ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് ജയിച്ചുകയറുകയായിരുന്നു.