Views Analysis

സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ പിണറായിയുടെ മാസ് പ്രസംഗം: സി.പി.എ നേതാക്കളുടെ സ്ത്രീവിരുദ്ധത അക്കമിട്ട് നിരത്തി സോഷ്യല്‍ മീഡിയ; തള്ളലിന് പരിധിവേണമെന്ന് പരിഹാസം

Axenews | സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ പിണറായിയുടെ മാസ് പ്രസംഗം: സി.പി.എ നേതാക്കളുടെ സ്ത്രീവിരുദ്ധത അക്കമിട്ട് നിരത്തി സോഷ്യല്‍ മീഡിയ; തള്ളലിന് പരിധിവേണമെന്ന് പരിഹാസം

by webdesk1 on | 13-01-2025 08:27:55 Last Updated by webdesk1

Share: Share on WhatsApp Visits: 67


സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ പിണറായിയുടെ മാസ് പ്രസംഗം: സി.പി.എ നേതാക്കളുടെ സ്ത്രീവിരുദ്ധത അക്കമിട്ട് നിരത്തി സോഷ്യല്‍ മീഡിയ; തള്ളലിന് പരിധിവേണമെന്ന് പരിഹാസം


ആലപ്പുഴ: സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ നടത്തിയ പ്രസംഗമാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ വലിയ നിലയില്‍ ചര്‍ച്ചയ്‌ക്കെടുത്തിരിക്കുന്നത്. സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോട്ടമോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിനെ, സി.പി.എം നേതാക്കള്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനകളും ആക്രമണങ്ങളും പീഡനങ്ങളുമൊക്കെ ചര്‍ച്ചയ്ക്ക് കൊണ്ടുവന്നാണ് സോഷ്യല്‍ മീഡിയ മറുപടി നല്‍കിയിരിക്കുന്നത്.

എല്ലാ പൊതുയിടങ്ങളും സ്ത്രീകള്‍ സുരക്ഷിതരായിരിക്കണം. അവിടെ തെറ്റായ നോട്ടമോ തെറ്റായ രീതികള്‍ സ്വീകരിക്കലോ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതെല്ലാം കര്‍ക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കുമെന്നുമായിരുന്നു സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പിണറായി വിജയന്‍ പറഞ്ഞത്. നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ സ്വീകരിച്ച നടപടികളുടെ പശ്ചാചാത്തലത്തില്‍ കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

എന്നാല്‍ എം.ജി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ സ്വന്തം മുന്നണിയില്‍പ്പെട്ട വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ വനിതാ പ്രവര്‍ത്തകയെ പരസ്യമായി മര്‍ദ്ദിച്ച സംഭവം ഉണ്ടായിട്ട് പിണറായി വിജയന്‍ എന്തു ചെയ്തുവെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

സഹപാഠികള്‍ നോക്കി നില്‍ക്കെ പെണ്‍കുട്ടിയെ ഉയര്‍ന്ന് ചാടി ചവിട്ടി നിലത്തിട്ട ശേഷം അങ്ങേയറ്റ സ്ത്രീവിരുദ്ധ പ്രസ്താവനയും അതിക്രമവും കാട്ടിയിട്ട് പാര്‍ട്ടിയില്‍ നിന്ന് ആരും തന്നെ അതിനെ തള്ളിപ്പറഞ്ഞ് മുന്നോട്ട് വന്നില്ല. ആര്‍ഷോയ്‌ക്കെതിരെ പെണ്‍കുട്ടിയുടെ പരാതിയില്‍ എടുത്ത കേസ് തേച്ച് മായിച്ചു കളയാനാണ് നേതാക്കള്‍ ഉള്‍പ്പടെ ശ്രമിച്ചത്. മാത്രമല്ല ആര്‍ഷോ ചുണക്കുട്ടിയായ വിദ്യാര്‍ത്ഥി നേതാവാണെന്ന് കൂടി മുതിര്‍ന്ന സി.പി.എം നേതാക്കളുള്‍പ്പടെ പറയുകയുമുണ്ടായി.

ലിപ്സ്റ്റിക് ഇട്ട സ്ത്രീകള്‍ കമ്യൂണിസ്റ്റ് വിരുദ്ധരാണെന്ന പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയിലും പിണറായി വിജയന്‍ നിശബ്ദത പാലിച്ചു. മാത്രമല്ല ആലുത്തൂരില്‍ മത്സരിക്കവേ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് മുസ്ലീം ലീഗ് നേതാക്കളെ സന്ദര്‍ശിച്ചതിനെതിരെ വിജയരാഘവന്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയിലും പിണറായി എതിര്‍ത്ത് സംസാരിക്കുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല.

നോമിനേഷന്‍ കൊടുക്കാന്‍ പോയപ്പോള്‍ ആലത്തൂരിലെ സ്ഥാനാര്‍ത്ഥി ആദ്യം പാണക്കാട്ടെ തങ്ങളെ പോയി കണ്ടു. പിന്നെപ്പോയി കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ അവസ്ഥ എന്താകുമെന്ന് പറയാന്‍ വയ്യ എന്നായിരുന്നു രമ്യാ ഹരിദാസിനെതിരെ എ.വിജയരാഘവന്‍ പറഞ്ഞത്. ഇതിനെ സുനില്‍ പി.ഇളയടം ഉള്‍പ്പടെ സി.പി.എം ബുദ്ധിജീവികള്‍ വരെ വിമര്‍ശിച്ചപ്പോള്‍ പിണറായി വിജയന്‍ നിശബ്ദത പാലിച്ചു.

തൊഴില്‍ വേതനം കൂട്ടിക്കിട്ടുന്നതിന് വേണ്ടി പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം നടത്തിയപ്പോള്‍ അവരെ അവഹേളിച്ച എം.എം. മണിക്കെതിരെയും തൊഴിലാളി പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന്റെ സമുന്നതനായ നേതാവ് പിണറായി വിജയന്‍ ഒരക്ഷരം മിണ്ടിയില്ല. പിണറായി വിജയന്‍ മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടു പോലും നിശബ്ദത പാലിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

അതേപോലെ നിയമസഭയ്ക്കുള്ളില്‍ കെ.കെ. രമയെ ഒരു മഹതിയായ വിധവ എന്ന് വിളിച്ച് എം.എം. മണി അധിക്ഷേപിച്ചിട്ടും സഭയില്‍ ഒരക്ഷരം മിണ്ടാതെ കുനിഞ്ഞിരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയ്ക്കുള്ളില്‍ സ്ത്രീകള്‍ക്കെതിരെ മോശമായി സംസാരിച്ചാല്‍ പ്രതികരിക്കുമെന്ന് പറഞ്ഞ കെ.കെ. ശൈലജയും ഈ വിഷയത്തില്‍ ഒരക്ഷരം മിണ്ടായില്ല. അതേസമയം അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കൊടിയേരി ബാലകൃഷ്ണന്‍ മണി പറഞ്ഞത് തെറ്റായിപ്പോയി എന്ന് പ്രതികരിച്ചു. പറയാനുണ്ടായ സാഹചര്യത്തെ കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് സി.പി.എമ്മിനുള്ളില്‍ വലിയ വിവാദമായ പി.കെ. ശശി ലൈംഗീകാരോപണ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാതെ പാര്‍ട്ടി സ്വന്തം നിലയില്‍ അന്വേഷിക്കുകയാണുണ്ടായത്. അന്വേഷണത്തിനൊടുവില്‍ തീവ്രത കുറഞ്ഞ പീഢനമാണെന്ന് വിധിയെഴുതി ശശിയെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ഇപ്പോള്‍, സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വലിയവായില്‍ പറയുമ്പോള്‍ മുന്‍പ് ഇത്തരം സംഭവങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും എന്ത് സ്വീകരിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുയരുന്നത്.

Share:

Search

Recent News
Popular News
Top Trending


Leave a Comment